ശ്രദ്ധേയ ഗ്രന്ഥങ്ങൾക്ക് എഴുതപ്പെട്ട അവതാരികകൾ മലയാളത്തിന്റെ വിലപ്പെട്ട വൈജ്ഞാനിക നിധിയാണ്. പ്രതിപാദ്യത്തെ കുറിച്ചുള്ള ആധികാരികവും മൗലികവുമായ പഠനം. അവതാരികകളുടെ ഒരു സഞ്ചയം ഓൺലൈനിൽ ക്രമീകരിച്ചാൽ വായനക്കാർക്ക് ഗുണകരമാണ്. ഗ്രന്ഥങ്ങളുടെ അവതാരിക എന്ന പംക്തിയിലേക്ക് സ്കാൻ ചെയ്ത പേജുകൾ അയച്ചാൽ മതി. ഗ്രന്ഥം, ഗ്രന്ഥകാരൻ, അവതാരകൻ, പ്രസാധകൻ, അയക്കുന്ന ആളുടെ പേര് എന്നിവ അറിയിക്കണം. ഇവിടെ സബ്മിറ്റ് ചെയ്യാം
- ചീഫ് എഡിറ്റർ, സാബു ശങ്കർ.


Adoor Gopalakrishnan
Updated on : 14, November, 2022
Posted on : 7, July, 2022.    Post views : 581
Category : Book introductory
BOOKMARK THIS ARTICLE MOVE BACK

പഥേര്‍ പാഞ്‌ജലിയുടെ പ്രസക്തി - അടൂർ ഗോപാലകൃഷ്ണന്റെ അവതാരിക

അടൂര്‍ ഗോപാലകൃഷ്ണന്‍പുസ്തകം സത്യജിത് റായിയുടെ പഥേര്‍ പാഞ്‌ജലി. തിരക്കഥ പുനരാവിഷ്കാരം
ഗ്രന്ഥകർത്താവ് സാബു ശങ്കർ 
അവതാരിക (2005)അടൂർ ഗോപാലകൃഷ്ണൻ 
പ്രസാധകൻ പ്രഭാത്  ബുക് ഹൌസ് (പന്ത്രണ്ടാം പതിപ്പ് 2019)

പഥേര്‍ പാഞ്‌ജലി നിര്‍മ്മിച്ചിട്ട്‌ അര ശതാബ്ദം കഴിഞ്ഞിരിക്കുന്നു. സര്‍ഗ്ഗാത്മകത തികഞ്ഞ അദ്യത്തെ ഇന്ത്യന്‍ സിനിമ പഥേര്‍ പാഞ്‌ജലിയാണെന്ന സത്യം ഇന്നൊരു വിവാദവിഷയമാവാന്‍ ഇടയില്ല.


ജുഗുപ്സാവഹമായ ചലച്ചിത്രാഭാസമെന്ന്‌ ആഗോളാടിസ്ഥാനത്തില്‍ തന്നെ കുപ്രസിദ്ധി നേടിയെടുത്തിരുന്ന നമ്മുടെ വ്യവസ്ഥാപിത സിനിമയ്കുനേരെ സത്യജിത്‌ റായി എന്ന പുത്തന്‍കൂറ്റുകാരന്‍ നടത്തിയ ആദ്യത്തെ ആക്രമണമായിരുന്നു അത്‌. അതും കോട്ടകൊത്തളങ്ങള്‍ കെട്ടിവാണ കച്ചവട സിനിമയുടെ പുറമ്പോക്ക്‌ ഭൂമിയില്‍ നിന്ന്‌. സിനിമയെന്ന പ്രതിഭാസത്തെപ്പറ്റി ആസ്വാദകമനസ്സുകളില്‍ രൂഡഃമൂലമായിരുന്ന മുഡസങ്കല്‍പ്പങ്ങളുടെ മേലുള്ള ഒരു കനത്ത പ്രഹരം കൂടിയായിരുന്നു പഥേര്‍ പാഞ്‌ജലി. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍ക്കും ഉത്തര-പാശ്ചാത്യരായ നിരൂപക പണ്ഡിതന്മാർക്കും നന്ദി. തുടക്കത്തില്‍ ബോക്സാഫീസില്‍ അമ്പേ പരാജയപ്പെട്ട ഈ 'പാതയുടെ ഗീതം' ക്രമേണ പ്രതിരോധാതീതമാംവണ്ണം ശക്തിയും ഊർജ്ജവുമാര്‍ജ്ജിച്ച ഒരു ചൈതന്യ സ്രോതസ്സായി ഭാരതവര്‍ഷത്തിനകത്തും പുറത്തും അലയടിച്ചു.


സിനിമയില്‍ പ്രത്യേകിച്ചൊരു താല്‍പര്യവുമില്ലാതിരുന്ന ഒരു കാലത്ത്‌ പഥേർ പാഞ്‌ജലിയുടെ 16 മില്ലീമീറ്ററിലുള്ള ഒരു പ്രദര്‍ശനം കണ്ടതിന്റെ ഓർമ്മ ഇന്നും പച്ചയായി നില്‍ക്കുന്നു. പില്‍ക്കാലത്ത്‌ പല അവസരങ്ങളിലായി കുറഞ്ഞത് ഇരുപത്തിയഞ്ച്‌ തവണയെങ്കിലും ഈ ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്. ഓരോ തവണ കാണുമ്പോഴും പുതുതായെന്തെങ്കിലും അതില്‍ കണ്ടെത്തിയിട്ടുമുണ്ട്. പക്ഷേ അന്ന്‌, ആദ്യം ഒരു സാധാരണ കാഴ്ചക്കാരനെന്ന നിലയില്‍ ആ ചിത്രത്തോട്‌ എനിക്കുണ്ടായ പ്രതികരണത്തിന്റെ സ്വഭാവത്തിന് വളരെ പ്രാധാന്യമുണ്ടെന്ന്‌ എനിക്ക്‌ തോന്നുന്നു. അതെന്നില്‍ പതിപ്പിച്ചുപോയ അനുഭവങ്ങളുടെ മുദ്ര ഏതുതരത്തില്‍പ്പെട്ടതായിരുന്നു? ഒരേ മുഹൂര്‍ത്തങ്ങളുടെ സാധ്യതയെപ്പറ്റി റായിക്ക്‌ മുമ്പൊരു സംവിധായകനും നമ്മുടെ നാട്ടില്‍ ബോധവാനായിരുന്നില്ല, നിശ്ചയം.


കഥാപാത്രങ്ങളാണെങ്കിലോ? എഴുത്തുകാരന്റെയോ സംവിധായകന്റെയോ ഭാവനാസൃഷ്ടികളാണവരെന്ന്‌ കാണികളെ വിശ്വസിപ്പിക്കുകതന്നെ വിഷമം. ഒന്നുകില്‍ തങ്ങള്‍ തന്നെ അല്ലെങ്കില്‍ തങ്ങളുടെ അയല്‍ക്കാര്‍ മാത്രമാണവര്‍. കാഴ്ചക്കാരെ സംബന്ധിച്ചിടത്തോളം, ഇത്ര വിദഗ്ദ്ധമായി മനുഷ്യജീവിതങ്ങളെ, അവരുടെ സ്വകാര്യ നിമിഷങ്ങളെ അപൂര്‍വ്വമായ നാടകീയ മുഹുര്‍ത്തങ്ങള്‍പോലും എന്ത്‌ ടെക്നിക്‌ ഉപയോഗിച്ച്‌ സെല്ലുലോയിഡില്‍ ആലേഖനം ചെയ്തെടുത്തെന്ന്‌ അഭ്യസ്തവിദ്യരായ പ്രേക്ഷകര്‍ പോലും അതിശയിച്ചുപോവുന്നു. പ്രകൃതിയുടെയും പരിതഃസ്ഥിതികളുടെയും സൃഷ്ടികളും അവയുടെ യഥാര്‍ത്ഥ അവകാശികളുമായ ആ കഥാപാത്രങ്ങളെ എഴുത്തുകാരന്‍ തന്റെ ഇതിവൃത്തവ്യാഖ്യാനത്തിനായി കൃത്രിമമായി നിയോഗിച്ച കരുക്കളായി കാണാന്‍ ഇവിടെ പ്രയാസം തന്നെ. വിഭൂതിഭൂഷന്റെ കഥാപാത്രങ്ങള്‍ അനുവാചകന്റെ മനസ്സില്‍ വൈയക്തികമായ ഒരനുഭവമായി ജീവിച്ചപ്പോള്‍ റായിയുടെ കഥാപാത്രങ്ങള്‍ വസ്തുനിഷ്ഠമായ രൂപഭാവങ്ങളോടെ ചലിക്കുകയും ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന മുഴുത്ത വ്യക്തിത്വങ്ങളായി ദ്വിമാനചിത്രങ്ങളുടെ പരിമിതികളെ അതിജീവിച്ച്‌ വിരാജിക്കുന്നു. രണ്ടാമത്തെ പ്രക്രിയയില്‍ അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും പ്രശ്നങ്ങള്‍ കണക്കിലെടുത്ത്‌ അനുരഞ്ജനങ്ങള്‍ക്ക്‌ തയ്യാറാവുകയാണ്‌ സാധാരണ പതിവ്‌. അതില്‍നിന്ന്‌ വ്യത്യസ്തമായി, ഒരുപക്ഷേ എഴുത്തുകാരന്‌ മൌലികമായി അതിന്‌ നല്‍കാന്‍ കഴിഞ്ഞതിനേക്കാള്‍ വലിയ മഹത്വങ്ങളിലേയ്ക്ക്‌ ആ കൃതിയെ ഉയര്‍ത്തി സ്ഥാപിക്കുകയാണിവിടെ, ഈ ചിത്രത്തിന്റെ സൃഷ്ടിയില്‍.


പഥേര്‍ പാഞ്‌ജലിയുടെ സൌന്ദര്യസമ്പന്നതയ്ക്ക്‌ ഒരു പ്രധാനകാരണം ഋജുവും ലളിതവുമായ അതിന്റെ കഥാഘടനയത്രെ. ഈ ഗുണമാകട്ടെ നമ്മുടെ കുത്തക സിനിമാമുതലാളിമാര്‍ വര്‍ജ്യമായി കരുതിയിരുന്നതാണ്‌. ക്ലിഷ്ടത ഒരു മേന്മയും യുക്തിരാഹിത്യം ഒരനുഗ്രഹവുമാണ്‌ മിക്ക നിര്‍മ്മാതാക്കള്‍ക്കും. പ്രത്യക്ഷത്തില്‍ സംഭവബഹുലവും പ്രശ്നസങ്കീര്‍ണ്ണവും കുരുക്കും കുത്തഴിവുമുള്ളതുമായ കഥാഘടന ബോക്സാഫീസ്‌ വിജയത്തിന്‌ അനുപേക്ഷണീയമാണെന്ന്‌ കരുതപ്പെടുന്നുണ്ടിന്നും. കഥാപാത്രങ്ങളുടെ ആന്തരികസംഘട്ടനങ്ങളിലൂടെ വിദഗ്ദ്ധമായി സാധിച്ചെടുത്തിട്ടുള്ള ഈ ചിത്രത്തിലെ അന്യൂനമായ നാടകീയ മുഹൂര്‍ത്തങ്ങള്‍ സ്ഥൂലവും ബാഹ്യവും അസംസ്കൃതവുമായ പ്രകടനാത്മകതയില്‍ പൂര്‍ണ്ണമായും അവലംബം കാണുന്ന പോപ്പുലര്‍ സിനിമക്കാര്‍ക്ക്‌ സാധനാപാഠമാകേണ്ടതാണ്‌. പകരം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന്‌ കഥയും കഥാപാത്രങ്ങളും എത്രയും അകന്നുനില്‍ക്കുന്നുവോ അത്രയും വലുതത്രേ അതിന്റെ വിജയ സാധ്യത എന്നവര്‍ കരുതുന്നു. 

യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങളില്‍ നിന്ന്‌ ഒളിച്ചോടി  സിനിമാതിയേറ്ററുകളില്‍ അഭയം പ്രാപിക്കുന്ന പ്രേക്ഷകന്റെ മുമ്പില്‍ വിണ്ടും അവന്‍ മറക്കാന്‍ കൊതിച്ചുവന്ന യാതനകളും വേദനകളും വിളമ്പി അലോസരപ്പെടുത്തരുതെന്നാണ്‌ അനുകമ്പാശീലരായ സിനിമാവ്യവസായികള്‍ വിശ്വസിക്കുന്നത്‌. അങ്ങനെ തിരശ്ശീലയില്‍ കാണുന്നതിനൊന്നും അവന്റെ ജീവിതവുമായി വിദൂരബന്ധംപോലും പാടില്ല. യാഥാര്‍ത്ഥ്യങ്ങള്‍ അരോചകവും  അതുകൊണ്ടുതന്നെ നിഷിദ്ധവുമാകുന്നു. പകരം അവര്‍ക്കുവേണ്ടി ഉദാരമായ സ്വപ്നങ്ങള്‍ വിതയ്ക്കപ്പെടുന്നു. അവ നൂറും നൂറ്റമ്പതും മേനിയില്‍ കൊയ്തെടുത്തുകൊള്ളും. സ്വപ്നങ്ങളുടെ വില്‍പ്പനക്കാര്‍ നാള്‍ക്കുനാള്‍ പ്രബലപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം വിചിത്ര സങ്കല്‍പ്പനങ്ങൾക്കിടയില്‍ അരനൂറ്റാണ്ട്‌ മുമ്പ്  അതീവലളിതവും സത്യസന്ധവും സൗന്ദര്യാത്മകവുമായ ഒരു ചലച്ചിത്ര കൃതിക്ക്‌ ജന്മം നല്‍കുവാന്‍ ഒരു കലാകാരന് കഴിഞ്ഞുവെന്നത്‌ അത്ഭുതാദരങ്ങളോടെ വേണം കാണാന്‍. ചിട്ടയൊപ്പിച്ചുള്ളൊരു കഥ പാഥേര്‍ പാഞ്‌ജലിയിലില്ലെന്നതുപോകട്ടെ, അതിലെ കഥാപാത്രങ്ങളാണെങ്കിലോ വളരെ സാധാരണക്കാര്‍. ഇനി കഥാസന്ദര്‍ഭങ്ങളുടെയോ നാടകീയ മുഹൂര്‍ത്തങ്ങളുടെയോ കാര്യമെടുത്താലോ? അവയെല്ലാം നിത്യസാധാരണങ്ങള്‍ മാതം. എന്നാല്‍ ഒരു വ്യത്യാസം മാത്രമുണ്ട്‌. അവയെ നോക്കിക്കാണുന്ന രീതിയില്‍. അതേ സംഭവങ്ങളിലൂടെ, അതേ അനുഭവങ്ങളിലൂടെ ജീവിച്ചവര്‍പോലും ഒരു നിമിഷമെങ്കിലും തിരിഞ്ഞുനോക്കിനിന്ന്‌ അറിഞ്ഞാസ്വദിച്ചിട്ടില്ലാത്ത അസുലഭനിമിഷങ്ങള്‍. അവയെ ആവാഹിച്ചവതരിപ്പിക്കാന്‍ റായിയിലെ കലാകാരന്‍ ഒരു പിശുക്കും കാണിച്ചിട്ടില്ല. മധുരോദാരമെന്നേ ആ അനുഭവങ്ങളെ വര്‍ണ്ണിക്കുവാൻ കഴിയൂ. നിത്യജീവിതത്തിലെ കൊച്ചുകൊച്ചനുഭവങ്ങള്‍ക്ക്‌ ഇത്രയധികം കയ്പോ? ഓ - ഇവയില്‍ അത്രയധികം ഉറവകളോ ദുഃഖത്തിന്റെ ഉപ്പിന്‌!


ഇവിടെയിതാ കഥാപാത്രങ്ങളെ നാം നേര്‍ക്കുനേര്‍ കാണുന്നു. അടുത്ത്‌, വളരെയടുത്ത്‌, വാക്കുകളുടെ മറവില്‍ അവര്‍ ഒളിക്കാന്‍ ശ്രമിക്കുന്നില്ല. നമ്മില്‍ നിന്ന്‌ അവര്‍ ഒന്നും മറച്ചുപിടിക്കുന്നില്ല. നമ്മുടെ ദയാദാക്ഷിണ്യങ്ങള്‍ ചൂഷണം ചെയ്യാന്‍ വേണ്ടി അവതരിപ്പിക്കപ്പെട്ട മാപ്പുസാക്ഷികളല്ല അവര്‍. മറിച്ച്‌, യഥാര്‍ത്ഥമായ അവരുടെ സുഖങ്ങളുടെയും ദുഃഖങ്ങളുടെയും നിരാശയുടെയും പ്രത്യാശയുടെയും മുഹൂര്‍ത്തങ്ങള്‍ നാം അവരുമായി പങ്കിടുന്നു. ഇവിടെ കഥാസന്ദര്‍ഭങ്ങള്‍ കേവലം ഇതിവൃത്തപൂര്‍ത്തീകരണത്തിനുള്ള സൂത്രവിദ്യകളായി അധഃപതിക്കുന്നില്ല. പകരം, പ്രേക്ഷകന്‍ കഥാപാത്രങ്ങളോടൊപ്പം ചേതലാഭങ്ങളനുഭവിച്ച്‌ കഴിയുന്നു. ചുരുക്കത്തില്‍ അയാളുടെ അനുഭവമേഖലകള്‍ അതിരുകളകന്ന്‌ വിസ്തൃതങ്ങളാകുന്നു. ക്രമേണ അയാള്‍ സംസ്കൃതനാവുന്നു. എല്ലാ കലകളുടെയും പരമോന്നതലക്ഷ്യം!


ജീവിതമെന്ന കടംകഥയ്ക്ക്‌ ഇങ്ങനെയൊരാഖ്യാനം, ഇങ്ങനെയൊരു സ്തുതിഗീതം സെല്ലുലോയിഡില്‍ ഉണ്ടാവുമെന്ന്‌ ആരുമേതും കരുതിയതല്ല - അതുകൊണ്ടുതന്നെയാണ്‌ പാതയുടെ ഗീതം ഇന്ത്യന്‍ സിനിമയിലെ മാറ്റത്തിന്റെ മുന്നണിപ്പാട്ടായത്‌.
*** *** *** ***
PREVIOUS | READ MORE | NEXT

Join to Whatsapp Broadcat to get site update. Click here
Join to Telegram channel to get site update. Click here

Comments & Contributions
Please share your knowledge, comment and feedbackOne of the biggest benefits of the Internet is the huge amount of information we all have available at our fingertips. Yet the biggest challenge for many of us is making sense of all that information.

OUR CHANNELS AND SERVICES


Our Location

PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004


© 2020 PeerBey. All rights reserved

page counter