Fr. Paul Thekalakkattu
Updated on : 6, September, 2023
Posted on : 10, July, 2022.    Post views : 752
Category : Book introductory, Literature
BOOKMARK THIS ARTICLE MOVE BACK

വിജ്ഞാനവും വീക്ഷണവും - ഫാ. പോൾ തേലക്കാട്ടിന്റെ അവതാരിക

ഫാ. പോൾ തേലക്കാട്ട്പുസ്തകം വിജ്ഞാനവും വീക്ഷണവും
ഗ്രന്ഥകാരൻ
പ്രൊഫ. പി. ടി. ചാക്കോ
പ്രസാധകർ
കാർമ്മെൽ പബ്ലിഷിങ് സെന്റർ
അവതാരിക (2006)
ഫാ. പോൾ തേലക്കാട്ട് 

പ്രശസ്തമായ ലൂവെയിന്‍ സര്‍വകലാശാലയുടെ താത്വികുപാരമ്പര്യം സ്വന്തമാക്കിയ പ്രൊഫ. പി.ടി.പാക്കോയുടെ "വിജ്ഞാനവും വീക്ഷണവും" എന്ന സാമാന്യം വലിയ കൃതി അടിസ്ഥാനപരമായി ഒരു തത്വശാസ്ത്ര ഗ്രന്ഥമാണ്‌. 

തത്വചിന്ത-ആധുനിക തത്വചിന്തകന്മാര്‍, കലാ-സാഹിത്യം-കവിത, മതം - ദൈവശാസ്‌ ത്രം ആധ്യാത്മികത എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ടീ പുസ്തകത്തിന്‌. തന്റെ  കത്തോലിക്കാ വിശ്വാസത്തിന്റെ പരിപ്രേക്ഷ്യത്തില്‍ തത്വചിന്തയെയും സാഹിത്യത്തെയും വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു അദ്ദേഹം. കവി, പ്രവാചകന്‍, ദാര്‍ശനികന്‍ എന്നീ ത്രിമൂര്‍ത്തികളുടെ സംഗമവേദിയാണീ ഗ്രന്ഥം. 


'അകലെ ഗിരിശൃംഗങ്ങളില്‍ ദാര്‍ശനികനും കവിയും അടുത്ത്  വസിക്കുന്നു' എന്നു മാര്‍ട്ടിന്‍ ഹൈഡഗര്‍ ജര്‍മ്മന്‍ കവിയായ ഹോള്‍ഡര്‍ലിനെ സൂചിപ്പിച്ചും എഴുതിയിട്ടുണ്ട്‌. ജര്‍മ്മന്‍ ചിന്തകനായ ഫ്രെഡറിക്‌ നീഷേ എഴുതി “ആകാശത്തിനും ഭൂമിക്കുമിടയില്‍ ഒത്തിരി കാര്യങ്ങളുണ്ട്‌. അവ കവികൾക്കേ സ്വപ്നം കാണാനാവു; ആകാശത്തിനപ്പുറമുള്ളവയെക്കുറിച്ചും, ദൈവത്തിന്റെ എല്ലാം കവികളുടെ ഉപമകളാണ്.  കവികളുടെ ഒഴിഞ്ഞു മാറലുകൾ" (all gods are poet's parables, poet's prevarications). "കവികൾ ആകെ മാറിയതു ഞാൻ കണ്ടു. അവരുടെ നോട്ടം അവരിലേയ്ക്കുതന്നെ തിരിഞ്ഞിരിക്കുന്നു. ആത്മാവിന്റെ താപസ്സർ (ascetics of the spirit) അടുത്തുവരുന്നത് ഞാൻ കണ്ടു. അവർ കവികളിൽ  നിന്നു വളരുന്നു." നീഷേയുടെ പ്രവാചകനായ സറാത്രുസ്ത്ര പറയുന്നത് എന്താണെന്ന് ഊഹിക്കാൻ പ്രയാസമില്ല. ദൈവത്തിന്റെ മരണം പ്രഖ്യാപിച്ച ചിന്തകൻ  തന്നെ കവികൾ സ്വർഗീയമായവയെ സ്വപ്നം കാണുന്നവരാണെന്നും ദൈവങ്ങൾ  കവികളുടെ ഉപമകളാണെന്നും പറഞ്ഞു. കവികൾ ധാരാളം നുണപറയുന്നവരാണെന്ന് സറാത്രുസ്ത്ര പറഞ്ഞപ്പോൾ ശിഷ്യൻ ചോദിച്ചു; എന്തുകൊണ്ട് അവർ നുണ പറയുന്നുവെന്ന്. അത് ഞാനല്ല പറയേണ്ടത്‌ എന്നു പ്രസ്താവിക്കുന്ന പ്രവാചകന്‍ കൂട്ടിച്ചേര്‍ത്തു; "എല്ലാ കവികളും വിശ്വസിക്കുന്നു".


വിശ്വാസം നുണയുടെ വിശ്വാസമാണോ ? 


കാവ്യലോകം ദൈവിക സങ്കല്പങ്ങളുടെ വിശ്വാസവേദിയാണ്‌. കവികളെ റിപ്പബ്ലിക്കിൽ നിന്നു പുറത്താക്കണമെന്ന്‌ പ്ലേറ്റോ പറഞ്ഞു. കവിയും ചിന്തകനും ഇടഞ്ഞത്‌ എന്തിനാണ്‌ ? കവികള്‍ ദൈവങ്ങളെക്കുറിച്ച്  നുണക്കഥകള്‍ പ്രചരിപ്പിക്കുന്നതിലാണ്‌ പ്ലേറ്റോക്ക്‌ അമര്‍ഷം .തലമുറയെ അതു ധാര്‍മ്മികമായി മലിനമാക്കും എന്നദ്ദേഹം കരുതുന്നു. ദൈവങ്ങളെക്കുറിച്ചു കവികള്‍ കഥകള്‍ പറയുന്നതിലല്ല, അധാര്‍മ്മിക കഥകള്‍ പറയുന്നതിലാണ്‌ പ്രശ്നം. 


ദൈവങ്ങളെക്കുറിച്ച്‌ കാര്യമല്ല, കഥയാണ്‌ കവികള്‍ പറയുന്നത്‌. അരിസ്റ്റോട്ടില്‍ പോയറ്റിക്‌സില്‍ ഇതു വ്യക്തമാക്കി. ചരിത്രകാരന്‍ ഇന്നലെകളുടെ കഥകള്‍ പറയുമ്പോള്‍ കവി നാളെകളുടെ കഥകള്‍ പറയുന്നു എന്നദ്ദേഹം പറയുന്നു. ഭാവിയുടെ കഥനകാരനാണ്‌ കവി. കാലത്തിന്റെയും ലോകത്തിന്റെയും മനുഷ്യന്റെയും ഭാവികണ്ട്‌ അതു മൊഴിയുമ്പോള്‍  അതു ചരിത്രമാകില്ല. ഇന്നലെയുടെ വസ്തുതകളല്ല,  നാളെയുടെ സങ്കല്പ ദർശനങ്ങളാണ്‌ കവിക്കു നല്‍കാനുള്ളത്‌. അതുകൊണ്ട്‌ “ശരിയായ വിധത്തില്‍ നുണ" പറയുന്ന കവികളെക്കുറിച്ചും അരിസ്‌റ്റോട്ടില്‍ എഴുതി. കവികളെ നുണയര്‍ എന്നു വിളിക്കുന്നത്‌, അവര്‍ ആയിരിക്കുന്നതല്ല ആകാമായിരുന്നത്‌ പറയുന്നു, വസ്തുതകളല്ല ദര്‍ശന സങ്കല്പങ്ങള്‍ നല്‍കുന്നു എന്നതുകൊണ്ടാണ്.


ഭാവി ശരിയായ വിധത്തിലും തെറ്റായും പറയാം. ഭാവികൊണ്ട് കച്ചവടവും ഉദരസേവയും നടത്തുന്ന ചെപ്പടിവിദ്യക്കാരില്ലേ? ഭാവിയുടെ കഥകള്‍ അധാര്‍മ്മികമായും സത്യ വിരുദ്ധമായും സ്വാര്‍ത്ഥപരമായും പറയുന്നവരെ അരിസ്‌റ്റോട്ടില്‍ അംഗീകരിക്കില്ല, പ്ലേറ്റോ അവരെ നാടു കടത്തുന്നു. 


സങ്കല്പത്തിന്റെ തേരില്‍ ഭാവിയുടെ സത്യം ദര്‍ശിക്കുന്ന കവി മതത്തിലെ പ്രവാചകനുമായി ഐക്യപ്പെടുന്നു.  ദാര്‍ശനികന്‍ അമൂര്‍ത്തമായി ആകാശങ്ങളിൽ കാണുന്നത് എന്താണ് ? ഭാവി ചക്രവാളങ്ങളിലേക്ക് നോക്കി ആദർശങ്ങളുടെ കാല്പനിക ലോകത്തെയാണ്.


പറുദീസയും ദൈവരാജ്യവും സ്വർഗ്ഗവും ഉട്ടോപ്യയും സ്വപ്നം കാണാത്ത മനുഷ്യരുണ്ടോ? ആ സ്വപ്നത്തിന്റെ കവിയും ചിന്തകനും മിസ്റ്റിക്കും പ്രവാചകനും എല്ലാ മനുഷ്യരിലും കുടികൊള്ളുന്നു.


ഷാക് മാരിറ്റയിൽ എഴുതി, "ഭൂമിയില്‍ പറുദീസ ആഗ്രഹിക്കുന്നത്  ശുദ്ധ ബാലിശമാണ്‌. ഒരു പറുദീസയും ആഗ്രഹിക്കാതിരിക്കുന്നതിനേക്കാള്‍ അത് തീര്‍ച്ചയായും  മെച്ചമാണ്‌. പറുദീസ ആഗ്രഹിക്കുന്നത്‌ മനുഷ്യന്റെ  മഹത്വമാണ്‌. അതിവിടെ താഴെ യാഥാര്‍ത്ഥ്യമാക്കാന്‍ ആരംഭിക്കുക എന്നതല്ലാതെ എങ്ങനെയാണ്‌ പറുദീസ പ്രതീക്ഷിക്കുക? പക്ഷെ, എന്താണു പറുദീസ എന്നറിയുന്നതാണ്‌ പ്രശ്നം.


വി. അഗസ്റ്റിന്‍ പറഞ്ഞതുപോലെ, "സത്യത്തിന്റെ ആനന്ദത്തിലാണ്‌ പറുദീസ അടങ്ങിയിരിക്കുന്നത്".


സത്യത്തിന്റെ അന്വേഷണവും അതിന്റെ  ധ്യാനാമൃത പാനവുമാണ്‌ ദാര്‍ശനിക ജീവിതം. 


സത്യാന്വേഷണത്തിന്റെ  പാതയെക്കുറിച്ച്‌ ചിന്തകരുടെയിടയില്‍ ഭിന്നമായ കാഴ്‌ചപ്പാടുകളും രീതികളുമുണ്ട്. ആധുനിക തത്വചിന്ത റെനെ ഡെക്കാര്‍ട്ടിനെ അംഗീകരിക്കുന്നു. “ഞാന്‍ ചിന്തിക്കുന്നു അതുകൊണ്ട്‌ ഞാനുണ്ട്‌" (cogyito ergo sum). ഞാനുണ്ട്. അതുകൊണ്ടു ഞാന്‍ ചിന്തിക്കുന്നു എന്ന സരണി ഇവിടെ ഉപേക്ഷിക്കപ്പെടുന്നു. എന്റെ ചിന്തയിലൂടെ അസ്തിത്വത്തിലേക്ക്‌ എന്ന്‌ അര്‍ത്ഥ൦.


ഫിനെമെനോളജിയുടെ ഉപജ്ഞാതാവായ എഡ്മണ്ട്‌ ഹുസ്സേലിന്റെ  'കര്‍ത്തേസിയന്‍ മെഡിറ്റേഷന്‍സ്‌' അവസാനിക്കുന്നത്  വി. അഗസ്റ്റിനെ ഉദ്ധരിച്ചുകൊണ്ടാണ്‌. "പുറത്തു പോകണ്ട. അകത്തേക്കു മടങ്ങുക. സത്യം നിന്നില്‍ കുടികൊള്ളുന്നു."


സത്യം തേടിയുള്ള യാത്ര ആന്തരികതയിലേക്കാണ്‌. അകത്തേക്ക്‌, അകത്തേക്ക്‌ ചെന്നു കണ്ടെത്തുന്നത്‌ അഹത്തെയാണോ ?


ഡെക്കാര്‍ട്ടിന്റെ ശൈലി തത്വചിന്തയെ അഹം ശാസ്‌ത്രമാക്കി (Egology) എന്ന് എമ്മാനുവേൽ ലേവിനാസ് വിമർശിച്ചു. ഹൈഡഗറിന്റെ ധർമ്മാധർമ്മ വിവേചനമില്ലാത്ത ദാസയിന്റെ (Dasein) അറിവും സമഗ്രാധിപത്യമാകുന്നത് ലേവിനാസ് തിരിച്ചറിഞ്ഞു. ഹൈഡഗർ, സാർത്ര്, കാമു എന്നിവരുടെ അസ്തിത്വ ചിന്ത (Existentianalism) അഹത്തിന്റെ ചൊറിയും കുത്തി നിരാശയുടെ ചാർത്തിൽ പ്രതീക്ഷയില്ലാതെ അസ്തിത്വ ശാപത്തെ പഴിച്ചുകഴിയുന്ന മനുഷ്യനെ സൃഷ്ടിച്ചു. ജനിക്കുന്നത് ശാപവും അപരന് നരകവുമായി. സ്വർഗ്ഗത്തിന്റെ സ്വപ്നങ്ങളില്ലാത്ത അവർ നരക സ്വപ്നത്തിൽ വെന്തു ജീവിച്ചു. 


ഡെക്കാർട്ടിന്റെ "ഞാൻ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്" എന്നതിന്റെ ആദിരൂപമെന്നോണം അഗസ്റ്റിൻ  എഴുതി "ഞാൻ പിഴക്കുന്നെങ്കിൽ ഞാനുണ്ട്" (si fallor sum). ഞാൻ മാത്രമായ ചിത്തവൃത്തി എന്റെ പിഴപ്പാണ്. അത് എന്റെ ആധിപത്യത്തിന്റെ അഹങ്കാര സാമ്രാജ്യ സ്ഥാപനത്തിന്റെ തേരോട്ടമാണ്‌, എന്നിലേക്കു മടങ്ങി എന്നിലെ ഞാനിനെമറികടന്നു പോകുന്നവന്റെ ചിന്തയാണ്‌ വെളിപാടു നല്‍കുന്നത്‌. അവിടെ എന്റെ  ചിന്ത അപരനിലേക്കു കടത്തു കടക്കുന്നു. അപരനാണ്‌ എന്റെ  ചിന്ത. ദൈവരാജ്യം എന്നിലാണ്‌, പക്ഷെ അതു ഞാനല്ല. ഞാനല്ല, ക്രിസ്തു എന്നില്‍ ജീവിക്കുന്നു എന്നു സെന്‍റ്‌ പോള്‍. അവിടെ ചിന്തകനും കവിയും പ്രവാചകനും മിസ്റ്റിക്കും ഏതോ ദിവ്യമായ അസ്തിത്വ സ്മൃതിയുടെ മണ്ഡലത്തിലാണ്‌.


ഗ്രീക്കു ഭാഷയില്‍ സത്യം - aletheia - ലെതെ എന്ന പാതാള നദിയുടെ അപ്പുറം കടക്കലാണ്‌. പ്ലേറ്റോയുടെ നിഴലുകളുടെയും അടിമത്തത്തിന്റെയും  ഗുഹയില്‍നിന്നു യാഥാര്‍ത്ഥ്യത്തിന്റെ  സത്യസ്വാതന്ത്ര്യത്തിലേക്കു കടക്കല്‍.


ഷാക്‌ മാരിറ്റയിന്‍ എഴുതി, “മിസ്റ്റിക്‌ ദൈവികമായവയെ സഹിക്കുന്നതുപോലെ കവി ഈ ലോകത്തിലുള്ളവയെ സഹിക്കുന്നു. സഹനം അത്രമാത്രമായതുകൊണ്ട്‌ അവയെക്കുറിച്ചു പറയാന്‍ അത്‌ നിര്‍ബന്ധിക്കുന്നു. തന്നേക്കാള്‍ ശക്തന്റെ കരുത്തുറ്റ കരത്തെ ഗ്രസിക്കുന്ന സഹനം നിലനില്‍ക്കുമ്പോഴാണ്‌ ആത്മീയമായ സംവേദനത്തിന്റെ  ആഴത്തില്‍ മുഴുകുന്നത്‌. കാരണം അതു വരുന്നു, പിന്നെ വരുന്നില്ല. ഈ ശ്രദ്ധാപൂര്‍വമായ വിധേയത്വത്തിനു ആനുപാതികമായിരിക്കും കാവ്യദര്‍ശനത്തിന്റെ  സര്‍ഗ്ഗാത്മകതയും ശക്തിസാന്ദ്രതയും". ഇത്‌ സമര്‍പ്പണത്തിന്റെ  വിശ്വാസ മണ്ഡലമാണ്‌. അവിടെ കവി സൃഷ്ടിക്കുകയല്ല, കവിത നല്‍കപ്പെടുന്നു; ദര്‍ശനം ലഭിക്കുന്നു. കവിയുടെയല്ല കവിത; ദാര്‍ശനികന്റെയല്ല ദര്‍ശനം; പ്രവാചകന്റെയല്ല പ്രവചനം.


“അതിസുന്ദരമായ കവിത കണ്ണിനെ ഈറനണിയിക്കുന്നു. വലിയ ആനന്ദത്തിന്റെ അടയാളമല്ലിത്‌, പ്രത്യുത മുറിവേറ്റ വിഷാദത്തിന്റെ (irritated melancholy) സാക്ഷ്യമാണ്‌. അപൂര്‍ണ്ണതയിലേക്കു നാടുകടത്തപ്പെട്ട പ്രകൃതി, ഈ ഭൂമിയില്‍ പെട്ടെന്ന്‌ പറുദീസ വെളിപ്പെടുത്തപ്പെട്ടു കണ്ടപ്പോഴുണ്ടായ, ഞരമ്പുകളിലെ ഒരടിയന്തരാവസ്ഥ". എഡ്ഗര്‍ അല്ലന്‍ പൊ കാവ്യാനുഭവത്തെക്കുറിച്ചെഴുതി. 


ദൈവത്തിന്റെ പേരക്കിടാവാണ്‌ കല എന്നു പറഞ്ഞത് ഡാന്റെയാണ്. കവി പ്രത്യക്ഷത്തില്‍ നിരീശ്വരവാദിയായായാലും കാവ്യം സൌന്ദര്യത്തിന്റെ അടിസ്ഥാന ആധാരത്തെ അനുഭവിക്കുന്നതുകൊണ്ട്, “അസ്സല്‍ കവിത മതാത്മകമാണ്‌” എന്ന്‌ മാരിറ്റൈൻ സാക്ഷിച്ചു. അസ്തിത്വത്തിന്റെ മൂലാധരങ്ങളില്‍ സ്പര്‍ശിക്കുന്ന തത്വ ചിന്തയും ഇതുപോലെതന്നെ. 


കാവ്യമതമണ്ഡലം പ്രചോദന വെളിപാടുകളുടെ വിശ്വാസവേദിയാണ്. തത്വചിന്തയാകട്ടെ ചിന്തയുടെയും. അന്തര്‍ദര്‍ശനത്തിന്റെയും  യുക്തിയുടെയും മണ്ഡലവുമാണ്‌. രണ്ടും പരസ്പരം ബന്ധപ്പെട്ടതും ബന്ധപ്പെടേണ്ടതുമാണ്. രണ്ടു മണ്ഡലങ്ങളുടെയും ആരോഗ്യം ഈ പാരസ്പര്യത്തെ വളരെ ആശ്രയിച്ചിരിക്കുന്നു.


“മനസ്സിലാക്കാന്‍ വേണ്ടി വിശ്വസിക്കുന്നു" (credo ut intelligam) എന്ന അഗസ്റ്റിന്റെ  വാചകം തികച്ചും പ്രസക്തമാണ്‌. “വിശ്വസിക്കാന്‍ വേണ്ടി മനസ്സിലാക്കുന്നു” (intelligo ut credam).


വിശ്വാസവും യുക്തിയും മൊഴിചൊല്ലി പിരിയുന്ന കലഹത്തിന്റെ  കഠിന വൃഥകള്‍ നാം അനുഭവിക്കുന്നു. ചിന്തയില്ലാത്ത വിശ്വാസവും വിശ്വാസമില്ലാത്ത ചിന്തയും അരങ്ങു തകര്‍ക്കുന്നു.


പ്രൊട്ടസ്റ്റന്റ്  പാരമ്പര്യത്തിലെ യുക്തിയിലുള്ള അവിശ്വാസം സൃഷ്ടിച്ചത്‌ വിശ്വാസം മാത്രം, വേദഗ്രന്ഥം മാത്രം എന്ന പല്ലവികളാണല്ലോ. വേദശാസ്ത്രത്തില്‍ നിന്നു തത്വശാസ്ത്രത്തെ അവിശ്വസ്ത ദാസിയായി പരിഗണിച്ച്‌ പിരിച്ചുവിട്ടു. പക്ഷെ അതിന്റെ  പരിഹാസ രൂപങ്ങളായി ചില  പെന്റകോസ്റ്റല്‍ പ്രതിഭാസങ്ങള്‍ എല്ലായിടത്തും കാണപ്പെടുന്നു. യുക്തിയെയും വിശ്വാസത്തെയും ആരോഗ്യപരമായി സമന്വയിപ്പിച്ച കത്തോലിക്കാ പാരമ്പര്യത്തെ സാരമായി അത് ബാധിച്ചിരിക്കുന്നു. വിശ്വാസത്തിന്റെ വിശദീകരണ ഭാഷയായി തത്വചിന്തയെ സ്വീകരിച്ച കത്തോലിക്കാ പാരമ്പര്യംതന്നെ അവഗണിക്കപ്പെട്ട സ്ഥിതിയുണ്ട്‌.


വൈദിക പഠന കേന്ദ്രങ്ങളില്‍ പേരിനുമാത്രം തത്വശാസ്ത്ര പരിശീലനം നിലനില്‍ക്കുന്നു എങ്കിലും അതൊക്കെ ഡിഗ്രി കൈവശമാക്കാനുള്ള പഠനം മാത്രമായി ചുരുങ്ങി. കത്തോലിക്കാ സെമിനാരികള്‍, പെന്റകോസ്റ്റല്‍ ബൈബിള്‍ കോളജുകളുടെ തലത്തിലേക്കു നീങ്ങിപ്പോകുന്നു എന്നു തോന്നിപ്പോകുന്നു. അതിന്റെ ഫലമായി വൈദിക ലോകത്തു നിന്നുതന്നെ ആത്മീയതയുടെയും ദൈവത്തിന്റെയും പേരില്‍ അന്ധവിശ്വാസങ്ങളും അബദ്ധ പ്രബോധനങ്ങളും ഉണ്ടാകുന്നു. ദൈവശാസ്ത്രം യുക്തിയുടെയും ലോജിക്കിന്റെയും വ്യവസ്ഥാപിത ചട്ടക്കൂടില്ലാതെ ബൈബിള്‍ പ്രഭാഷണങ്ങളായി മാറുന്നുണ്ട്‌. ബൈബിള്‍ വിഗ്രഹവത്കരിക്കപ്പെടുകയും തത്വശാസ്ത്രവിഷയങ്ങള്‍ മൃതമാകുകയും ചെയ്യുമ്പോള്‍ ദൈവശാസ്ത്രത്തിനു സുവിശേഷ പ്രസംഗങ്ങളേക്കാള്‍ വലിയ സ്ഥാനമോ പ്രാധാന്യമോ ഉണ്ടോ എന്നു സംശയം. ദൈവശാസ്ത്രം തന്നെ മൃതപ്രായമായ സഭയാണ്‌ നമുക്കുള്ളത്‌ എന്ന്‌ തോന്നിപ്പോകുന്നു.


വിശ്വാസത്തിന്റെ  സഭയില്‍ നിന്നും മതത്തില്‍ നിന്നും തത്വചിന്തയുടെ തിരോധാനം ഒരു ഇരുണ്ട മൌലികവാദ കാലഘട്ടത്തെ വിളിച്ചുവരുത്തുന്നു. ഈ പശ്ചാത്തലത്തിലാണ്‌ തത്വചിന്തയുടെ പൂര്‍വസൂരികളെയും അവര്‍ കടിച്ചുമറിഞ്ഞ ജീവിതത്തിന്റെ  സനാതന ചോദ്യങ്ങളെയും പിന്നെയും അയവിറക്കി അവതരിപ്പിക്കുന്ന പ്രൊഫ. പി.ടി. ചാക്കോയുടെ പുസ്തകം ഒറ്റപ്പെട്ട ഒരു വെളിച്ചമാകുന്നത്‌. വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം ഉറച്ച വിശ്വാസത്തിന്റെയും ശക്തമായ തത്വചിന്തയുടെയും പാരമ്പര്യം പേറുന്നു. ഈ പാരമ്പര്യത്തിന്റെ  ഗഹനമാര്‍ന്ന സാക്ഷ്യമാണ്‌ “വിജ്ഞാനവും വീക്ഷണവും". ഈ നല്ല പുസ്തകം സംവഹിക്കുന്ന ധിഷണാ പാരമ്പര്യം വായനക്കാരനെയും സമുഹത്തെയും ധന്യമാക്കട്ടെ.
PREVIOUS | READ MORE | NEXTComments & Contributions
Please share your knowledge, comment and feedback


At a glance


Quick linksOne of the biggest benefits of the Internet is the huge amount of information we all have available at our fingertips. Yet the biggest challenge for many of us is making sense of all that information.

OUR CHANNELS AND SERVICES


Our Location

PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004


© 2020 PeerBey. All rights reserved

page counter