O.N.V Kurup
Updated on : 4, September, 2023
Posted on : 10, July, 2022.    Post views : 704
Category : Book introductory, Literature
BOOKMARK THIS ARTICLE MOVE BACK

വയലാർ കൃതികൾ - ഓ. എൻ. വി കുറുപ്പിന്റെ അവതാരിക

ഓ. എൻ. വി കുറുപ്പ്ഗ്രന്ഥം വയലാർ കൃതികൾ
ഗ്രന്ഥകർത്താവ് വയലാർ രാമവർമ്മ 
പ്രസാധകൻ ഡി. സി. ബുക്സ്, പതിനഞ്ചാം പതിപ്പ്, 2019
അവതാരിക ഓ. എൻ. വി. കുറുപ്പ്, 1995.

ഒരിക്കല്‍കൂടി വയലാര്‍ രാമവര്‍മ്മയുടെ കവിതകളും ഗാനങ്ങളും ശേഖരിച്ച്‌ ഒരു ബൃഹല്‍സമാഹാരമായി പ്രകാശിപ്പിക്കുവാനുള്ള പരിശ്രമം സഫലമാവുകയാണ്‌.


കവി നിര്യാതനായി ഒരു വര്‍ഷം തികയുംമുമ്പേ തന്നെ വയലാര്‍ കൃതികള്‍ എന്ന പേരില്‍ ഇങ്ങനെയൊരു യത്നത്തിനു മുന്‍കൈയെടുത്തത്‌ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ്‌ -1976 ആഗസ്ററില്‍. പാദമുദ്രകള്‍ മുതല്‍ സര്‍ഗ്ഗസംഗീതം വരെയുള്ള എട്ടു സമാഹാരങ്ങളിലെ കവിതകള്‍ക്കു പുറമേ, അതുവരെ പുസ്തകരൂപത്തിലാവാത്ത മുപ്പത്തിയൊന്നു കവിതകളും ചുരുങ്ങിയ കാലയളവിനുള്ളില്‍ സഞ്ചയിക്കാന്‍ കഴിഞ്ഞ ആയിരത്തിയൊന്നു ഗാനങ്ങളും അതിലുള്‍ക്കൊള്ളിച്ചിരുന്നു. എങ്കിലും അത്‌ അപൂര്‍ണമായിരുന്നു. ചില 'ആനുകാലിക'ങ്ങളിലും സുഹൃത്തുക്കളുടെ ഫയലുകളിലും ചിതറിക്കിടന്നിരുന്ന കുറേയേറെ കവിതകള്‍കൂടി സമ്പാദിച്ചു ചേര്‍ത്ത്‌ വയലാര്‍ കവിതകള്‍ എന്ന പേരില്‍ സാ.പ്ര.സ.സംഘംതന്നെ 1984-ല്‍ മറെറാരു ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി. ഗാനവിഭാഗം അതില്‍നിന്ന്‌ എന്തുകൊണ്ടോ ഒഴിവാക്കിയിരുന്നു. അങ്ങനെ അതും അപൂര്‍ണ്ണമായിരുന്നു.


വിണ്ടും ഒരു പതിററാണ്ടിനുശേഷം, വയലാറിന്റെ  കവിതകളും ഗാനങ്ങളും കിട്ടാവുന്നിടത്തോളം ശേഖരിച്ച്‌ ആ യത്നം കുറേക്കൂടി പൂർത്തീകരിക്കാനുള്ള ഡി.സി. ബുക്സിന്റെ അഭിനന്ദനീയമായ ശ്രമത്തിന്റെ  രമ്യപരിണതിയാണ്‌ ഈ ബൃഹല്‍ഗ്രന്ഥത്തിന്റെ  പ്രകാശനം.


സാ.പ്ര.സ.സംഘത്തിന്റെ ആദ്യ യത്നത്തില്‍ എളിയനിലയില്‍ സഹകരിക്കാന്‍ കഴിഞ്ഞ എന്നെ ഒരിക്കല്‍ക്കൂടി ഈ സല്‍കൃത്യവുമായി ബന്ധപ്പെടുത്തുന്നത്‌ ഡി.സിയുടെ സ്നേഹോദിത നിയോഗമാണ്‌. ഡി.സിയോടുള്ള എന്റെ  കൃതജ്ഞത ഞാന്‍ മനസ്സില്‍ സൂക്ഷിക്കട്ടെ.


വയലാര്‍ കൃതികള്‍ക്ക്‌ ശ്രീ എന്‍.വി. കൃഷ്ണവാരിയര്‍ എഴുതിയ, അത്യുക്തികളോ അതിശയോക്തികളോ ഇല്ലാത്ത അവതാരിക അവസാനിക്കുന്നതിങ്ങനെയാണ്‌: “അദ്ദേഹം മരിച്ചെങ്കിലും, അദ്ദേഹത്തിന്റെ  കവിതയ്ക്ക്‌ മരണമില്ല. അത്‌ മലയാളികളുടെ സാംസ്കാരിക പൈതൃകത്തിന്റെ  ഒരു ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. സ്വന്തം ഭാഷ സംസാരിക്കുന്ന ജനതയുടെ സാംസ്കാരികപൈതൃകത്തിന്റെ  ഭാഗമായിത്തീരുക എന്നത്‌ ഏതു കവിയുടെയും ജീവിതസാഫല്യമാണെങ്കില്‍, വയലാര്‍ അത്‌ കൈവരിച്ചിരിക്കുന്നു". ഇത് എന്‍.വി. എഴുതിയത്‌ 1976-ലാണ്‌ --അതായത്‌ വയലാര്‍ നിര്യാതനായതിന്റെ  പിറേറ വര്‍ഷം.


എന്നാല്‍, ഇന്ന്‌, വയലാര്‍ അന്തരിച്ചിട്ട്‌ രണ്ടു പതിററാണ്ട്‌ തികയുന്ന ഈയവസരത്തില്‍ എന്‍.വി.യുടെ വാക്കുകള്‍ക്ക്‌ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണിമ കൈവന്നതുപോലെ തോന്നുന്നു. വരുംകാലങ്ങളിലും അത്‌ അങ്ങനെതന്നെയാവുമെന്നു കരുതാനാണ്‌ ന്യായം. കാരണം, കഴിഞ്ഞ രണ്ടു പതിററാണ്ടിനിടയ്ക്ക്‌ മലയാളകവിതയില്‍ വന്ന മാററങ്ങള്‍ നിരവധിയായിരിക്കെത്തെന്നെ, വയലാര്‍ക്കവിതയുടെ  സാന്നിധ്യം കാവ്യകൌതുകമുള്ള, സംസ്കാരാഭിമുഖ്യമുള്ള എതു കേരളീയനും  എന്നുമനുഭവിച്ചുകൊണ്ടിരിക്കുന്നു. പുതിയ ശൈലികള്‍, പുതിയ സാങ്കേതങ്ങള്‍, പുതിയ രൂപശില്പങ്ങള്‍ എന്നിങ്ങനെ കവിതയില്‍ വന്ന മാററങ്ങളേറെ; അതിനനുസൃതമായി ആസ്വാദകന്റെ സംവേദനശീലത്തില്‍ വന്ന മാററങ്ങളും വളരെയേറെ. ഈ മാററങ്ങളുമായി ഏറിയോ  കുറഞ്ഞോ  പൊരുത്തപ്പെട്ടുപോകുന്ന കാവ്യാസ്വാദകന്റെ  ഹൃദയത്തിലെവിടെയോ വയലാറിന്റെ വാക്ക്‌ കൂടുകൂട്ടിയിരിക്കുന്നു. ചങ്ങമ്പുഴയുടെ 'മാറെറാലി'യായും 'തരളകാല്പനിക'നായും 'വാചാലനായ കവി'യായും മററും വയലാര്‍ വിമര്‍ശിക്കപ്പെട്ടിടുണ്ട്‌; പരിഹസിക്കപ്പെട്ടിട്ടുണ്ട്‌; വെറുമൊരു സിനിമാപ്പാട്ടുകാരനായി വയലാറിനെ ഒതുക്കാമെന്ന്‌ വ്യാമോഹിച്ചവരുമുണ്ട്‌. ഇവരെല്ലാം അര്‍ദ്ധസത്യങ്ങള്‍കൊണ്ട്‌ പകിടകളിച്ചവരാണെന്ന്‌ കാലം തെളിയിക്കുന്നു. കവി കാലത്തെ സൃഷ്ടിച്ചെന്നും ഇല്ലെന്നും വരാം. പക്ഷേ, കവി കാലത്തെ അതിജീവിച്ചേ മതിയാവു. കവിയും മനുഷ്യനാണ്‌. മനുഷ്യ ജന്മം ഉദകപ്പോളപോലെയാണ്‌; പക്ഷേ, കവിജന്മമാകട്ടെ, മര്‍ത്യജന്മമാകുന്ന ഉദകപ്പോള പൊട്ടുമ്പോള്‍ അതില്‍നിന്നൊരു താഴികക്കുടം പോലെ പൊന്തിനിന്ന്‌ നിതാന്തശോഭ ചൊരിയുന്നു.


നാല്പത്തിയേഴു വയസ്സെത്തും മുമ്പ്‌ രാമവര്‍മ്മയെന്ന മനുഷ്യന്റെ  ജീവിതം പൊലിഞ്ഞുപോയി. പക്ഷേ, ആ പൊലിഞ്ഞ ജന്മവൃത്തത്തില്‍നിന്ന്‌ അദ്ദേഹത്തിന്റെ കവിത പൊലിമ നശിക്കാത്ത ഒരു താഴികക്കുടംപോലെ പൊന്തി നിൽക്കുന്നു. അതിന്റെ അടിത്തറ കവിയുടെ വാക്ക്‌ മാത്രമാണ്‌ - ചെത്തവും പൊരുളും ചേര്‍ന്ന വാക്ക്.

“സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ

സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും"

എന്ന ഈരടിയില്‍ വയലാര്‍ രാമവര്‍മ്മ എന്ന കവിയുടെ കയ്യൊപ്പ്‌ കണ്ടെത്താന്‍ കഴിയാത്ത സഹൃദയരുണ്ടോ കേരളത്തില്‍ ? നമ്മുടെ നിത്യജീവിത വൃവഹാരഭാഷയില്‍ സ്വന്തം കയ്യൊപ്പ്‌ കോറിയിടുന്നവനാണ്‌ സാഹിത്യകാരന്‍ - അങ്ങനെ 'ശാരികപ്പൈതലേ, ചാരുശീലേ..” എന്നു കേട്ടുതുടങ്ങുമ്പോള്‍തന്നെ, എഴുത്തച്ഛന്റെ  കയ്യൊപ്പ്‌ തെളിഞ്ഞു തുടങ്ങുന്നു, കേരളീയന്റെ  സ്മൃതിമണ്ഡലത്തില്‍. “കണ്ണേ, മടങ്ങുക” എന്നോ, "മാററുവിന്‍ ചട്ടങ്ങളേ” എന്നോ കേള്‍ക്കുന്ന മാത്രയില്‍ ആശാന്റെ  കയ്യൊപ്പ്‌; “മലരണിക്കാടുകള്‍ തിങ്ങിവിങ്ങി” എന്നു കേള്‍ക്കുമ്പോള്‍ ചങ്ങമ്പുഴയുടെ വിരലടയാളം; 'ഹാ।വിജിഗീഷു മൃത്യുവിന്നാമോ,ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍” എന്ന വരികളില്‍ സഹ്യപുത്രന്റെ  തലയെടുപ്പോടെ നടന്നുവരുന്ന ഒരു കവിയുടെ ഹസ്തമുദ്ര.  കേരളീയര്‍ അവര്‍ക്കിടയിലൂടെ നടന്നുപോയ ഈ കവികളെ അവരുടെ വാക്കുകളിലെ വ്യക്തിമുദ്ര കണ്ട്‌ തിരിച്ചറിയുന്നു. കാലത്തിന്റെ  കടല്‍ത്തീരത്ത്‌ തിരകള്‍ മായ്ക്കാത്ത വിശുദ്ധനാമങ്ങള്‍ പോലെ അവരുടെ പേര്‌ അവര്‍ തന്നെ എഴുതിയിട്ടത്‌ നാം കാണുന്നു, വയലാറിന്റെ  പേരും അക്കൂട്ടത്തിലുണ്ടെന്നും ഇനിയുമുണ്ടായിരിക്കുമെന്നും വയലാര്‍ കൃതികളുടെ പുതിയ പതിപ്പുകള്‍ പതിററാണ്ടുകള്‍ക്കിപ്പുറവും ആവശ്യമായിവരുന്നു എന്നതിലൂടെ നാം തിരിച്ചറിയുന്നു.


മാററം അനിവാര്യമെന്ന സത്യത്തെ ആരാണാദരിക്കാത്തത്‌? എന്‍.എന്‍. കക്കാടിന്റെ  '1963' എന്ന കവിതയുടെ ചുവട്ടിലിങ്ങനെയൊരു കുറിപ്പുണ്ട്‌: 'മനുഷ്യന്‍ പഴയ വര്‍ഷത്തില്‍നിന്ന്‌ പുതിയ വര്‍ഷത്തിലേക്ക്‌, പഴയ വീട്ടില്‍നിന്ന്‌ പുതിയ വിട്ടിലേക്ക്‌ മാറുകയാണ്‌, അറിഞ്ഞനുഭവിച്ചു വിട്ടുപോകുന്ന വര്‍ഷം അതിന്റെ  എല്ലാ ദുഃഖങ്ങളോടും കൂടി അവനും പ്രിയംകരമാണ്‌.” പഴയതും പുതിയതും തമ്മിലുള്ള ബന്ധത്തിന്‌ ഈയൊരു സവിശേഷതയുണ്ടാവുക എന്നതാണാദരണിയം. കവിതയിലെ പഴയതും പുതിയതും തമ്മിലുള്ള ബന്ധത്തിലുമതേ. എന്നാല്‍ കക്കാടിന്റെ   '1963' എന്ന കവിതയില്‍ത്തന്നെ 'തെരുവിന്നരികില്‍ ദിവ്യൗഷധമനവധി നിരത്തിനില്ക്കു'ന്ന കണ്ടപ്പന്‍ അനുയായികളെക്കൊണ്ട്‌ ഏററുപാടിക്കുന്നു. 'എനിക്കു പിന്നിലി ലോകം മുടിഞ്ഞു കള്ളിപൊന്തട്ടെ!' ഇത്‌ ജീവിതത്തിന്റെ  സാരസര്‍വസ്വമായ സാരസ്വതത്തിന്റെയും -- വളര്‍ച്ചയും പുരോഗതിയുമെന്ന നൈരന്തര്യത്തിന്റെ  നിഷേധമാണ്‌. 'എനിക്കു പിന്നിലേതെന്തും മുടിഞ്ഞതാ'ണെന്ന മനോഭാവം ഇതിന്റെ മറുവശവുമാണ്‌.


ചങ്ങമ്പുഴയുടെ ദൌര്‍ബല്യങ്ങളെ പര്‍വതീകരിച്ച്‌ ശാപശകാരങ്ങള്‍ വര്‍ഷിച്ചവരുണ്ട്‌. വയലാര്‍ ചങ്ങമ്പുഴയുടെ വെറുമൊരു മാറെറാലിയാണെന്ന്‌ മായികമായ അര്‍ദ്ധസത്യങ്ങളെ മുന്‍നിറുത്തി പറഞ്ഞവരുമുണ്ട്‌. ചങ്ങമ്പുഴയില്‍നിന്നും വയലാറില്‍നിന്നും മലയാളകവിത അമ്പേ മാറിപ്പോയി എന്ന്‌ കണ്ടെത്തുന്നവര്‍ക്കും, ഈ കവികള്‍ മലയാളകവിതയുടെ ചരിത്രത്തിന്റെ അനിഷേധ്യാംശങ്ങളായി എന്ന വസ്തുത അംഗീകരിക്കേണ്ടിവരും. വയലാര്‍കൃതികളുടെ ഈ പുതിയ ബൃഹല്‍പതിപ്പ്‌ ആ വസ്തുത നമ്മെ സൌമ്യമായി ഓര്‍മ്മിപ്പിക്കുന്നു.


ചങ്ങമ്പുഴയുടെ കലശലായ സ്വാധീനത്തിനു വിധേയരായ ഒരുപററം യുവകവികളില്‍ പ്രമുഖനായിട്ടാണ്‌ വയലാര്‍ നാല്പതുകളുടെ അന്ത്യപാദത്തില്‍ രംഗപ്രവേശം ചെയ്തത്‌. ഇഷ്ടകവിയുടെ ദേഹ വിയോഗത്തില്‍ നെഞ്ചുരുകിയെഴുതിയ “അങ്ങയെ ഓര്‍മ്മിക്കുമ്പോള്‍” എന്ന കവിതയിലൊരിടത്ത്‌,

“കരുണരസം കരകവിയും

കഥകളുമായെന്നും

വരുമങ്ങെന്നോര്‍മ്മകളില്‍.....” എന്ന്‌ വ്യക്തമായിപ്പറയുന്നു. ആ കവിതയുടെ താളം തന്നെ “കാവ്യനര്‍ത്തകി'യെ അനുസ്മരിപ്പിക്കുന്നു. എന്നാല്‍, ചങ്ങമ്പുഴയുടെ പരാജയബോധമോ, സഹജവിഷാദമോ അന്നും വയലാറിന്റെ  കവിതകളില്‍ കലര്‍ന്നിരുന്നില്ലെന്ന വസ്തുത ശ്രദ്ധിക്കേണ്ടതാണ്‌. 1949-ല്‍ എഴുതിയ 'പേനയും പടവാളും' എന്ന കവിത, അചഞ്ചലമായ ധീരതയോടും ശുഭാപ്തിവിശ്വാസത്തോടുംകൂടി മര്‍ദ്ദനത്തെ ധിക്കരിച്ചും ശിരസ്സുയര്‍ത്തി നില്ക്കുന്ന ഒരു കവിയുടെ ചിത്രം വരച്ചുകാട്ടുന്നു: ചങ്ങമ്പുഴയില്‍നിന്ന്‌ വ്യത്യസ്തനായ ഒരു കവിയുടെ ചിത്രം. ഒരു വേള, ധിക്കാരിയായ ആ കവിയെ, ചങ്ങമ്പുഴയുടെ അപൂര്‍വം ചില കവിതകളില്‍ നമുക്ക്‌ വേണമെങ്കില്‍ കാണാനായെന്നുംവരാം--ഉദാഹരണമായി 'ഭാവത്രയ'ത്തില്‍.

“വിത്തനാഥന്റെ  ബേബിക്കു പാലും

നിര്‍ദ്ധനച്ചെറുക്കന്നുമിനീരും,

ഈശ്വരേച്ഛയ,ല്ലാ കിലമ്മട്ടു

ള്ളീശ്വരനെച്ചവിട്ടുക നമ്മള്‍...”

തുടങ്ങിയ ഈരടികളില്‍ ആ കവിയുടെ ശബ്ദമുണ്ട്‌. വയലാറിന്റെ  ആരംഭം അവിടെനിന്നാണ്‌.

“കപടലോകത്തിലാത്മാർത്ഥമായൊരു

ഹൃദയമുണ്ടായതാണെന്‍ പരാജയം..."

എന്നെഴുതിയ ചങ്ങമ്പുഴ വയലാറിനെ സ്വാധീനിച്ചിട്ടില്ല. കവിതയുടെ പദവിന്യാസരീതിയിലും താളക്രമത്തിലും സംഗീതാത്മകതയിലും ചങ്ങമ്പുഴ നിര്‍ത്തിയേടത്തു നിന്നാണ്‌ വയലാറിന്റെ  തുടക്കമെന്നു പറയാ൦-പക്ഷേ, പിന്നെപ്പിന്നെ,

"ചക്രവാളത്തിന്‍ മതില്‍

ക്കെട്ടിന്മേല്‍ കയ്യുംകുത്തി

നില്ക്കും ഞാന്‍ പ്രപഞ്ചത്തില്‍

ഭ്രമണം നിയന്ത്രിക്കാന്‍!

ഗോളങ്ങളെടുത്തു ഞാന്‍

പന്തടിക്കുമ്പോള്‍, വിദ്യു 

ന്നാളങ്ങള്‍ കെടുത്തിയും

കത്തിച്ചും രസിക്കുമ്പോള്‍,

നീരവനീലാകാശ

മേഖലകളില്‍, നാളെ

താരകേ! നിന്നെക്കൊണ്ടു

നര്‍ത്തനം ചെയ്യിക്കും ഞാന്‍.

കുതിരപ്പുറത്തു ഞാന്‍

പാഞ്ഞുപോവുമ്പോള്‍, കൈയില്‍

കുതറിത്തുള്ളിക്കൊണ്ടെന്‍

ചാട്ടവാറിളകുമ്പോള്‍,

നടുങ്ങിപ്പോകുന്നില്ലേ,

നിമിഷങ്ങളില്‍ കുള

മ്പടികള്‍ പതിയുമ്പോ

ളീയണ്ഡകടാഹങ്ങള്‍?..."

എന്ന മട്ടിലുള്ള താരസ്വരം വയലാര്‍ക്കവിതയില്‍ ധീരമധുരശ്രുതി ചേര്‍ന്നുണരുകയായിരുന്നു. ഈ വസ്തുത പലരും സൌകര്യപൂര്‍വം വിസ്മരിച്ചിട്ടുണ്ട്‌. 

"കാലമാണവിശ്രമം

പായുമെന്നശ്വം; സ്നേഹ

ജ്ജ്വാലയാണെന്നില്‍ക്കാണും

ചൈതന്യം സനാതനം”

എന്ന വയലാറിന്റെ  ആത്മാവ്‌ കയ്യൊപ്പു ചാര്‍ത്തിയ ആ വരികളുണ്ടല്ലോ, അവ ചങ്ങമ്പുഴയുടേതില്‍നിന്ന്‌ ഭിന്നമായ ആശാഭരിതമായ ഒരു സ്നേഹദര്‍ശനത്തിന്റെയും അദമ്യമായ പരിവര്‍ത്തനദാഹത്തിന്റെയും ഭാവദീപ്തി വയലാര്‍ക്കവിതയുടെ അന്തരംഗത്തിൽ  തിളക്കുന്നത്‌, അന്ധമായ മുന്‍വിധികളില്ലാത്തവര്‍ക്ക്‌ അനുഭവപ്പെടുത്താതിരിക്കില്ല. ഏതു തത്ത്വശാസ്ത്രമായാലും അത്‌ നോവുമാത്മാവിനെ സ്‌നേഹിക്കുന്നിടത്തു വച്ചു മാത്രമേ സ്നേഹാര്‍ഹമാകുന്നുള്ളു എന്ന്‌, തന്നെ സ്വാധീനിച്ച തത്ത്വശാസ്ത്രത്തെപ്പോലും അദ്ദേഹം ഓര്‍മ്മിപ്പിക്കുകയാണുണ്ടായത്‌ - ഒരു താക്കീതിന്റെ  സ്വരമതിലുണ്ടെന്നതും അവഗണിക്കേണ്ടതല്ല. തനിക്കും ജീവിതത്തിനും തമ്മിലും, തനിക്കും മാനുഷ്യകത്തിനും തമ്മിലുമുള്ള ബന്ധമെന്തെന്നറിയാതെ വയലാര്‍ ഒരിക്കലും ഇരുട്ടിലുഴഞ്ഞിട്ടില്ല.താന്‍ എവിടെ നില്ക്കുന്നു എന്നും, എവിടെ നിൽക്കണമെന്നും ഈ കവിക്ക്‌ നല്ല ബോധമുണ്ടായിരുന്നു. ഇനി ചങ്ങമ്പുഴയുടെ ശൈലി വയലാറിനെ സ്വാധീനിച്ചതിനെ മുന്‍നിര്‍ത്തി ഈ ആരോപണം - അനുകര്‍ത്താവെന്ന ആരോപണം - ഉപരിചിന്തയില്‍ നിലനിൽക്കുന്നതല്ലെന്നു കാണാം. വയലാര്‍ക്കവിതയെപ്പറ്റി ഗൌരവപൂര്‍ണ്ണമായ പഠനം നടത്തിയിട്ടുള്ള ചിലരെങ്കിലും അത്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഉദാഹരണമായി പ്രൊഫ. എം. കെ. സാനുവിന്റെ  ഈ വാക്കുകള്‍ ഞാനിവിടെ ഉദ്ധരിക്കുന്നു; “ഉപരിതലത്തില്‍ മാത്രമേ ഈ സ്വാധിനശക്തി  പ്രവര്‍ത്തിക്കുന്നുള്ളു എന്ന്‌ ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും. ചങ്ങമ്പുഴയിലുള്ളതിനേക്കാള്‍ സാന്ദ്രത  വയലാറിലുണ്ട്‌. ആ സാന്ദ്രതയ്ക്ക്‌ നിദാനമാകട്ടെ, വയലാറിന്റെ  ഗൌരവ ബുദ്ധിയുമാണ്‌...... മനുഷ്യകര്‍മ്മങ്ങളുടെ ആഴവും ആ ആഴങ്ങള്‍ ഉള്‍ക്കൊള്ളുന്ന വമ്പിച്ച സാദ്ധ്യതകളും ചങ്ങമ്പുഴയ്ക്ക്‌ ചിന്താവിഷയമായില്ല. അതുകൊണ്ടാണദ്ദേഹം അത്രമാത്രം അസ്ഥിരപ്രകൃതിയായത്‌. എന്നാല്‍ ആ സാദ്ധ്യതകളെക്കുറിച്ച്‌ അത്രമാത്രം ബോധവാനായിരുന്നു വയലാര്‍. അതുകൊണ്ട്‌ ആദര്‍ശസ്‌നേഹവും ശുഭപ്രതീക്ഷയും അദ്ദേഹത്തിന്റെ  സ്ഥിരസ്വഭാവമായിത്തീര്‍ന്നു....... ." താന്‍ മാറ്റൊലിക്കവിയാണെന്ന ആരോപണത്തെപ്പോലും വയലാറിന്‌ ലാഘവബുദ്ധിയോടെ കാണാന്‍ കഴിഞ്ഞുവെന്നും, തന്റെ  ഒരു സമാഹാരത്തിന്‌ “എന്റെ  മാറ്റൊലിക്കവിതകള്‍" എന്ന്‌ പേരിടാന്‍ പ്രേരിപ്പിച്ചത്‌ ആ ആരോപണത്തിന്റെ  നേര്‍ക്കുള്ള കവിയുടെ പരിഹാസമാണെന്നും പ്രൊഫ. സാനു ചൂണ്ടിക്കാട്ടുന്നു.


മനുഷ്യനിലും അവന്റെ പ്രയത്നശക്തിയിലും അവന്‍ സ്വയം നിര്‍മ്മിക്കുന്ന ഭാവിയിലും സമാനമായ ശുഭ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ഹരീന്ദ്രനാഥ ചതോപാദ്ധ്യായ, പീറ്റര്‍ ബ്ലാക്ക് മാൻ  തുടങ്ങിയ കവികളുടെ ജീവിതവീക്ഷണം വയലാറിനെ ആകര്‍ഷിച്ചിരുന്നു എന്നതിനു തെളിവാണ്‌ അവരുടെ വാക്കുകള്‍ തന്റെ  കൃതികളില്‍ മുഖക്കുറിപ്പായി അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത്‌. ഇരുപതാം നൂറ്റാണ്ടിന്റെ  ഉത്തരാര്‍ദ്ധത്തിന്റെ ആരംഭത്തില്‍, സ്വാതന്ത്ര്യാനന്തര ഭാരതീയ കവിതയില്‍ സമാനമായ ദര്‍ശനത്തിന്റെ  അരുണപ്രകാശം പടര്‍ന്നുകയറിയിരുന്നു. തെലുങ്കു കവിയായ മഹാകവി 'ശ്രീശ്രീ'യുടെ കവിതകള്‍ ഉദാഹരണമായി എടുത്തുകാട്ടാവുന്നതാണ്‌. ശ്രീ ശ്രീ വയലാറിനേക്കാള്‍ പ്രായംകൊണ്ട്‌ വളരെ മുതിര്‍ന്ന തലമുറയില്‍പെട്ടയാളായിരുന്നുവെങ്കിലും, വയലാറിന്റെ അടുത്ത സുഹൃത്തായിരുന്നു. കവികളെന്ന നിലയില്‍ അവര്‍ എത്രമാത്രം പരസ്പരബഹുമാനം പുലര്‍ത്തിയിരുന്നു എന്ന്‌ എനിക്ക്‌ നേരിട്ടു മനസ്സിലാക്കാനവസരമുണ്ടായിട്ടുണ്ട്‌. തെലുങ്കു കാല്‍പനിക കവിതയുടെ വിപ്ലവോന്മുഖമായ കരുത്തുറ്റ ഒരു ശാഖയാണ്‌ ശ്രീശ്രീയുടെ കവിതയെങ്കില്‍, തത്സമാന്തരമായി മലയാളത്തില്‍ വയലാര്‍ക്കവിതയേയും കണക്കാക്കുന്നതില്‍ അപാകതയില്ല. നനു നനുത്ത പദാവലികൊണ്ട്‌ ഏതോ ഈറന്‍ നിലാവിന്റെ  നേര്‍മ്മയേറിയ മുഖപടം നെയ്ത്  കൈരളിയെ അണിയിക്കുക എന്നതായിരുന്നില്ല വയലാറിന്റെ  നിയോഗം. സൂക്ഷ്മതരളഭാവങ്ങള്‍ക്കു

 1. വയലാര്‍ കവിതകള്‍ (1984) സാ. പ്ര. സ. സംഘം പതിപ്പില്‍ 'ശുഭപ്രതീക്ഷയുടെ ദര്‍ശനം' എന്ന പേരിലുള്ള പഠനം.

2 ഹരീന്ദ്രനാഥ ചതോപാദ്ധ്യായയുടെ

"I poet, dip my pen

in mine own blood to write my songs..."എന്നാരംഭിക്കുന്ന കവിതാഖണ്ഡം ആയിഷയിലും, പീറ്റർ ബ്ലാക് മാന്റെ 

"Scientists, craftsmen, teachers, poets, philosophers, come

We shall work till our power invested together created a new world..." എന്നാരംഭിക്കുന്ന കവിതാഖണ്ഡം  എനിക്കു മരണമില്ല എന്ന സമാഹാരത്തിലും മുഖക്കുറിപ്പായി ഉദ്ധരിച്ചിരിക്കുന്നു.

സമുചിത വാങ്മയമാവാന്‍ വയലാര്‍ക്കവിതയ്ക്ക് പലപ്പോഴും കഴിഞ്ഞിട്ടുണ്ടെന്ന വസ്തുത ഓര്‍മ്മിച്ചുകൊണ്ടുതന്നെ പറയട്ടെ, പരുഷവും ചടുലവും നാടകീയവുമായ ഭാവങ്ങള്‍ ഉൻമീലനം ചെയ്യുന്നതിനാവശ്യമായ വ്യത്യസ്ത ഗുണവിശേഷങ്ങളാര്‍ജിക്കാനും വയലാറിന്റെ  ഭാഷയ്ക്ക്  അനായാസം കഴിഞ്ഞിട്ടുണ്ട്‌. 'രണ്ടു കാലിന്നും മലപോലെ മന്തുള്ള കുണ്ടുണ്ണി മേനോന്റെ' കഥ പറയുമ്പോള്‍ ആ ഭാഷയ്ക്ക്‌ വരുന്ന പാരുഷ്യവും ഓജസ്സും ചടുലതയും ഒന്നു വേറെതന്നെയാണ്‌. പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ മൂര്‍ത്തമായ ഭാഷ അയത്നലളിതമായി കവിക്കിവിടെ കൈവരുന്നു.


“ഡോഡ്ജും സ്റ്റുഡിയും പ്ലിമത്തുമായ്‌ ജീവിതം

ഭാഗ്യവാന്മാരുടെ ഷെഡ്ഡില്‍ കിടന്ന നാള്‍,

കുണ്ടുണ്ണിമേനവന്‍ തന്റെ യീച്ചക്കടാ

വണ്ടിയും കൊണ്ടു നടന്നതോര്‍മ്മിച്ചുപോയ്‌.”


കുണ്ടുണ്ണിമേനോന്‌ ഓര്‍മ്മിക്കാനുള്ളതും, കുണ്ടും കുഴിയും നിറഞ്ഞ ജീവിത വഴിത്താരകളെപ്പറ്റിയാണ്‌. 'തറവാട്‌ വിറ്റുപോയതും', 'രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ തെണ്ടിത്തിരിഞ്ഞതും', പെറ്റുമരിച്ച പത്നി 'ഗര്‍ഭപ്പിശാചായി' നാടു ചുറ്റുന്നതും വിട്ടിലെയൊരേയൊരാണ്‍തരി ഉറക്കമങ്ങു പാര്‍ട്ടിയാഫീസിലാക്കിയതും മറ്റും പരുക്കന്‍ സത്യങ്ങളാണ്‌. ഉദ്ധരിക്കാനേറെയുണ്ടെങ്കിലും, സ്ഥലപരിമിതിമൂലം അതിനൊരുമ്പെടുന്നില്ല. ആ പരുക്കന്‍ സത്യങ്ങള്‍ക്ക്‌ അയഥാര്‍ത്ഥവും കളകോമളവുമായ കല്‍പനയുടെ ആടകളൊന്നും വയലാര്‍ തുന്നിയിടുന്നില്ല. ഒരു ഭാവഗായകന്റെ  പീഠത്തില്‍നിന്നും, കുഞ്ചന്‍നമ്പ്യാരെപ്പോലെ കഥാഖ്യാനത്തിന്റെ  മര്‍മ്മമറിഞ്ഞ ഒരു നര്‍മ്മഭാഷണചതുരന്റെ  നിലപാടുതറയിലേക്ക്‌ വയലാറിലെ കവിപൊടുന്നനെ മാറുന്നു; അവിടെ പദമുറച്ചു നിൽക്കുകയും ചെയ്യുന്നു. “സ്ഥാനാര്‍ത്ഥിയുടെ മകന്‍", “കൊച്ചു ത്രേസ്യാ”, “തറവാടിന്റെ മാനം" അതിന്റെ തുടര്‍ച്ചയെന്നു പറയാവുന്ന “ഒരു ദൈവവും കൂടി” എല്ലാറ്റിനുമുപരി “ആയിഷ" തുടങ്ങി പല കവിതകളിലും, ഈ ഭാവഗായകന്‍ കഥാഖ്യാനചതുരനായി, ഗദ്യത്തോടു ചാര്‍ച്ചയുറ്റ ചടുലമനോഹരമായ ഒരു ശൈലിയുടെ ഉടമയായി കൂടുമാറുന്നു. വയലാറില്‍ ഒരു കാഥികനുണ്ടായിരുന്നു എന്നതിന്റെ തെളിവാണല്ലോ 'വെട്ടും തിരുത്തും', 'രക്തം കലര്‍ന്ന മണ്ണ്‌' എന്നീ ചെറു കഥാസമാഹാരങ്ങള്‍, മേല്‍പ്പറഞ്ഞ നീണ്ടകവിതകളിലും ആ ചെറുകഥാകൃത്തിനെ നമുക്ക്‌ കാണാന്‍ കഴിയുന്നു. ഒരു ഭാവഗായകന്‍ ഇങ്ങനെയൊരു ഭിന്നപ്രകൃതിയെക്കൂടി തന്നില്‍ സമന്വയിപ്പിക്കുക എന്നത്‌ അസാധാരണമാണ്‌. ഈ അസാധാരണത്വം രാമവര്‍മ്മയിലുണ്ടായിരുന്നു - കവിതയ്ക്ക്‌ പരിക്കൊന്നുമേൽക്കാതെ കഥ പറയാനുള്ള കഴിവ്‌.


ചങ്ങമ്പുഴയുടെ രമണനില്‍ കഥയും നാടകവുമുണ്ട്‌. പക്ഷേ, കഥാഖ്യാനത്തിന്റെ കലയേക്കാള്‍, നാടകത്തേക്കാള്‍ അത്‌ ഒരു നീണ്ട ഭാവഗീതമായി നില്ക്കുന്നു. ഇതല്ലേ സത്യം? ഇവിടെ ചങ്ങമ്പുഴയോ വയലാറോ കേമന്‍ ? - എന്ന ചോദ്യം വേണ്ട. അത്‌ അമിതമായ ലളിതവത്ക്കരണത്തിലേക്കേ വഴിതെളിയ്ക്കു. പിന്നെയോ ? ചങ്ങമ്പുഴയുടെ സ്വാധീനത്തിനു വിധേയനായിരുന്നു എങ്കില്‍പ്പോലും, വയലാര്‍ പല നിലയ്ക്കും വ്യത്യസ്തനായിരുന്നു എന്ന സത്യത്തെ നേര്‍ക്കുനേരെ  കാണാനുള്ള സത്യസന്ധത നമുക്കുണ്ടാവട്ടെ! വയലാര്‍ രാമവര്‍മ്മയിലെ കവി വെറുമൊരു ഭാവഗായകന്‍ മാത്രമായിരുന്നില്ല. ജീവിതത്തിന്റെ പരിച്ഛേദങ്ങള്‍ മൂര്‍ത്തഭാഷയിലാവിഷ്കരിക്കാന്‍ ഗീതികലയുടെ  ഈ കാമുകന്‌ കഴിഞ്ഞിട്ടുണ്ട്‌. ഭാവഗീതാരചനയിലാവട്ടെ, അദ്ദേഹം അപൂര്‍വമായ ഔന്നത്യം കൈവരിക്കുകയും ചെയ്തു.  ചങ്ങമ്പുഴയാവട്ടെ അടിമുടി സ്വച്ഛന്ദഗീതകാരനായിരുന്നു.


വയലാർ കാവ്യ രംഗത്തെ നേട്ടങ്ങള്‍ ഒട്ടുമിക്കതും കൈവരിച്ചത്‌ 1961 നു മുമ്പാണ്. തന്റെ പ്രസിദ്ധ  കവിതാസമാഹാരങ്ങളെല്ലാം വയലാര്‍ അതിനകം പ്രസിദ്ധീകരിക്കുകയുണ്ടായി. 'പാദമുദ്രകളിൽ' കടിഞ്ഞൂല്‍ക്കവിതകളാണുള്ളത്. 1950-ലാണ്‌ ആദ്യത്തെ പ്രശസ്തകൃതി---കൊന്തയും  പൂണൂലും- പുറത്തുവന്നത്. അപ്പോള്‍, 1950-നും 1961-നും ഇടയ്ക്കുള്ള ആ ചെറിയ കാലയളവിലാണ്‌ വയലാറിന്റെ  കാവ്യസപര്യ ഏറ്റവും സജീവമായിരുന്നത്‌. 1961-നു ശേഷമാവട്ടെ, കവിതാ  രചനയിലദ്ദേഹം നന്നെ കുറച്ചു മാത്രമേ വ്യാപരിച്ചിരുന്നുള്ളു. അതില്‍പ്പിന്നെ വയലാര്‍ മലയാളസിനിമയിലെ അതുല്യഗാനരചയിതാവായി പടിപടിയായി ഉയരുകയായിരുന്നു. അതേപ്പറ്റി എന്‍. വി. എഴുതിയത്‌ പലരും ഇന്നും ഉദ്ധരിക്കാറുണ്ട്‌. “കവിതയ്ക്ക്‌ നഷ്ടപ്പെട്ടതെന്തോ അത്‌ ഗാനത്തിന്‌ നേട്ടമായിത്തീര്‍ന്നു. ഗാനങ്ങളെ അദ്ദേഹം കവിതകളാക്കി മാറ്റി.” വയലാറിന്റെ  ജനപ്രീതിക്ക്‌ ഏറ്റവുമധികം ആധാരമായത്‌ ഗാനങ്ങളായി എന്നത്‌ സ്വാഭാവികം.


ഈ വല്ലിയില്‍നിന്നു ചെമ്മേ പുക്കള്‍

പോവുന്നിതാ പറന്നമ്മേ! എന്ന്‌ കുമാരനാശാന്റെ  കുട്ടിക്കവിതയില്‍ പറയുംപോലെ, പുതിയ മലയാള ചലച്ചിത്രങ്ങളില്‍നിന്ന്‌ വയലാറിന്റെ  ഗാനശലഭങ്ങള്‍ പാറിപ്പറന്നുകൊണ്ടേയിരുന്നു. എന്നാല്‍ അവയെ ഗാനങ്ങളെന്നു നാം പറയുമ്പോള്‍, എവിടെയോ ഇരുന്ന്‌ ഒരമ്മ പറയുന്നുണ്ടാവും,

"തെറ്റി നിനക്കുണ്ണീ! ചൊല്ലാം -- കൊച്ചു

കാവ്യങ്ങളല്ലേയതെല്ലാം!......"

അത്തരം പൂപ്പിറവിക്കനുകൂലമായിരുന്നു സിനിമാരംഗത്തെ അന്നത്തെ കാലാവസ്ഥയും എന്നു പറയാം.

"സന്യാസിനീ! നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍

സന്ധ്യാപുഷ്പവുമായ്‌ വന്നു....." എന്നു തുടങ്ങുന്ന ഗാനംതന്നെ ശ്രദ്ധിക്കുക. അതിന്റെ  ചരണാന്ത്യത്തില്‍,

“രാത്രി പകലിനോടെന്നപോലെ

യാത്ര ചോദിപ്പു ഞാന്‍”

എന്ന ഈരടിയിലെത്തുമ്പോള്‍ ശ്രോതാവിനു ലഭിക്കുന്നത്‌ വിഷാദ മധുരമായൊരു കാവ്യാനുഭുതിയല്ലാതെ മറ്റെന്ത്‌?

കടലിലെ ഓളവും

കരളിലെ മോഹവും

അടങ്ങുകില്ലോമനേ!

അടങ്ങുകില്ലാ!

എന്ന വംഗദേശത്തെ ഈണത്തിനൊപ്പിച്ച്‌ കുറിച്ചപ്പോഴും മലയാളകവിതയാണ്‌ കണ്‍തിരുമ്മിയുണര്‍ന്നത്‌. ഗാനങ്ങളെപ്പറ്റി ഞാനെഴുതിയ “ആയിരം പാദസരങ്ങള്‍' എന്ന കുറിപ്പ്‌ ഗ്രന്ഥത്തില്‍ അനുബന്ധമായി  ചേര്‍ത്തിട്ടുള്ളതുകൊണ്ട്‌ ഗാനങ്ങളെപ്പറ്റി ഇനിയും നീട്ടുന്നില്ല.


ഏറിയാല്‍ ഒരു വ്യാഴവട്ടക്കാലം കാവ്യരംഗത്ത്‌ സജീവമായി വ്യാപരിക്കുകയും അതുവഴിതന്നെ കേരളീയരുടെ സാംസ്കാരിക പൈതൃകത്തിന്റെ അംശമായി മാറുകയും ചെയ്ത കവിയാണ്‌ വയലാര്‍, ഗാനങ്ങളെ കവിതകളാക്കുകയും, കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത, നമുക്കുമുമ്പേ നടന്നുപോയ സ്നേഹധനനായ മറ്റൊരു ഓര്‍ഫ്യൂസാണ്‌ വയലാര്‍. ഇന്ത്യന്‍കവിതയില്‍ അരുണിമ പടര്‍ന്ന ഒരു കാലഘട്ടത്തില്‍ തന്റെ  സുഹൃല്‍കവികളോടൊപ്പം ധീരനൂതനമായ ഒരു ലോകത്തെ സ്വപ്നം കാണുകയും, താരസ്വരത്തില്‍ അനുഗാനം ചെയ്യുകയും ചെയ്ത  ഒരു കവിയാണ്‌ വയലാര്‍. 'പൂവില്‍നിന്ന്‌ പൂവു' പോലെ സ്വാതന്ത്ര്യത്തിന്റെ സഹസ്രാരപദ്മത്തില്‍നിന്ന്‌ നിസ്വന്റെ  സ്വാതന്ത്ര്യമെന്ന മറ്റൊരു പുഷ്പം വിടരുന്നതും കാത്ത്‌, രാവു മുഴുവന്‍ ഏതോ പനിനീര്‍ച്ചെടിയുടെ മുള്‍മുനയില്‍ കരളമര്‍ത്തിക്കൊണ്ട്‌ പാടിപ്പാടി സൂര്യോദയമെത്തുംമുമ്പ്‌ മരിച്ചുവീണ ഒരു രാപ്പാടിയാണ്‌ വയലാര്‍. രാപ്പാടി പോയി, പക്ഷേ, ആ പാട്ടുകള്‍ കേരളമനസ്സിന്റെ വിശുദ്ധസ്മൃതികളില്‍ പതിഞ്ഞുകിടക്കുന്നു.
PREVIOUS | READ MORE | NEXTComments & Contributions
Please share your knowledge, comment and feedback


At a glance


Quick linksOne of the biggest benefits of the Internet is the huge amount of information we all have available at our fingertips. Yet the biggest challenge for many of us is making sense of all that information.

OUR CHANNELS AND SERVICES


Our Location

PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004


© 2020 PeerBey. All rights reserved

page counter