Updated on : 4, September, 2023 Posted on : 12, July, 2022. Post views : 1012 Category : Book release, Literature |
പ്രീത ടി.കെ യുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു
കണ്ണൂർ :സമൂഹം ഒരുതരത്തിലും കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങൾ എഴുതുമ്പോഴാണ് കവിയുടെ മൂന്നാം കണ്ണ് പ്രവർത്തിക്കുന്നതെന്ന് വിമർശകനും കോളമിസ്റ്റും നോവലിസ്റ്റുമായ എം.കെ. ഹരികുമാർ അഭിപ്രായപ്പെട്ടു. കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ പ്രീത ടി.കെ. എഴുതിയ The Love Trio എന്ന ഇംഗ്ലീഷ് കവിതാസമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവിക്ക് നേരെ മുന്നിലുള്ള കാഴ്ചകൾ മാത്രം മതിയാവുകയില്ല. പിന്നിലുള്ളതും കാണണം. അതാര്യമായ ലോകത്തെ കവി കാണാനാഗ്രഹിക്കുന്നു. അത് ദൈവത്തിന്റെ മേഖലയാണ്. മനുഷ്യന്റെ അറിവിനപ്പുറമുള്ള ലോകത്തേക്ക് സഞ്ചരിക്കാൻ കവിയുടെ കൈയിലുള്ളത് ജ്ഞാനേന്ദ്രിയമാണ്. അത് സൗന്ദര്യം എന്ന ഭീകരാവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത്. സൗന്ദര്യം ഭീകരമാണെന്ന ദസ്തയെവ്സ്കിയുടെ വാക്യം ഓർമ്മിപ്പിച്ചുകൊണ്ട് ഹരികുമാർ പറഞ്ഞു.
പ്രീത ടി.കെ. രചിച്ച 'ദ് ലവ് ട്രയോ' എന്ന പുസ്തകം ഡോ. ടി.കെ. പ്രഭാകരനു ആദ്യ കോപ്പി നല്കി എം.കെ. ഹരികുമാർ പ്രകാശനം ചെയ്യുന്നു. പ്രൊഫ.ഡോ.എൻ.സാജൻ, ചിന്മയ മിഷൻ ചീഫ് സേവക് കെ. കെ. രാജൻ, കണ്ണൂർ ചിന്മയാ മിഷൻ സെക്രട്ടറി മഹേഷ് ചന്ദ്ര ബാലിഗ, പി.ജി.കമ്മത്ത് ഫൗണ്ടേഷൻ ട്രസ്റ്റി ആനന്ദി ജി.കമ്മത്ത്, ചിന്മയാ വിദ്യാലയ പ്രിൻസിപ്പൽ
റോഷൻ പി. നായർ ,ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി(യു.എസ്.എ )മാത്യു സൊക്കി എന്നിവർ സമീപം.
ദൈവത്തിന്റെ സ്പർശം അനുഭവിപ്പിക്കുന്ന കൃതിയാണ് 'ദ് ലവ് ട്രയോ 'എന്ന് ഹരികുമാർ ചൂണ്ടിക്കാട്ടി. ദൈവം നമ്മുടെ ജീവിതത്തിന്റെ അദൃശ്യതയിലാണുള്ളത് .കാണാത്തതെല്ലാം ദൈവത്തിന്റെ കൈകളിലാണ്. കാലം മറഞ്ഞിരിക്കുകയാണ് .ഒരു മണിക്കൂർ കഴിഞ്ഞാൽ ,ഒരു ദിവസം കഴിഞ്ഞാൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കുമറിയില്ല. പ്രപഞ്ചത്തിന്റെ ആ ഭാഗം അദൃശ്യതയാണ് .അവിടെയാണ് ദൈവമുള്ളത് .അതിലേക്ക് എത്താൻ പരിമിതികളുള്ള നമ്മൾ അതിനാൽ ജ്ഞാനേന്ദ്രിയം പ്രവർത്തിപ്പിക്കണം. സാഹിത്യകലയുടെ മഹത്വം അറിഞ്ഞാൽ അന്തർദർശനത്തിലേക്കാണ് നാം എത്തിച്ചേരുക .മഹത്തായ കലാസൃഷ്ടികൾ നമ്മൾ കണ്ടില്ലെങ്കിലും അതിന്റെ രചയിതാക്കൾക്ക് ഒന്നും സംഭവിക്കുകയില്ല. വിൻസന്റ്ഗിന്റെ 'ഗോതമ്പ് പാടം' നമ്മൾ കണ്ടില്ലെങ്കിലും അതിന്റെ ആന്തരിക മൂല്യം നിലനിൽക്കും. കവിക്കും എഴുത്തുകാരനുമെല്ലാം ഈ സത്യം ബാധകമാണ്. അതുകൊണ്ട് നമ്മൾ ഒരു കലാനുഭവത്തിന്റെ, സാഹിത്യസംസ്കാരത്തിന്റെ ഭാഗമാകാൻ ശ്രമിക്കേണ്ടതുണ്ട്. കാരണം, അങ്ങനെയാണ് നമ്മൾ ഉന്നതമായ മനുഷ്യസർഗാത്മകതയുമായി ആത്മ ബന്ധത്തിലേർപ്പെടുന്നത്. സാഹിതീയ സംസ്കാരം നമ്മെ എപ്പോഴും പ്രചോദിപ്പിക്കേണ്ടതാണ്. എന്തെന്നാൽ അത് മൂന്നാം കണ്ണിന്റെ വിവരണമാണ്. സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിന്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്. ദൈവം സ്നേഹത്തിന്റെ മാന്ത്രികതയിലൂടെ എല്ലാറ്റിനെയും ബന്ധിപ്പിച്ചിരിക്കുകയാണ് .എന്നാൽ സ്നേഹം എന്ന വികാരം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ആ വികാരം നമുക്കുണ്ടോ എന്ന് സ്വയം ചോദിച്ചു കൊണ്ട് സ്നേഹിച്ചാൽ പ്രപഞ്ചത്തിലെ ഓരോ വസ്തുവും അതിനോട് പ്രതികരിക്കും .ഇക്കാര്യത്തിൽ നമ്മുടെ സമീപനത്തിന് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ കൂടെയുള്ള വസ്തുക്കളെ സ്നേഹിക്കുകയാണെങ്കിൽ അതെല്ലാം നമ്മെ തിരിച്ചും സ്നേഹിക്കും. അതിന്റെ ആന്തരികഘടന അത്തരത്തിലുള്ളതാണ്. സ്നേഹിച്ചുകൊണ്ടിരുന്ന വസ്തുക്കളെ നമ്മൾ ഉപേക്ഷിച്ചാൽ അവ ആത്മഹത്യയിലേക്ക് നീങ്ങും. സത്യമായ കാര്യമാണ് പറയുന്നത്. എന്നും തുടച്ചു വൃത്തിയാക്കി വച്ചാൽ ഏതു ഉപകരണവും നമ്മെയും സ്നേഹിക്കും. കാരണം, അത് ദൈവികമായ സ്നേഹത്തെ അറിയുന്നു. നമ്മൾ ഉപേക്ഷിക്കുമ്പോൾ അത് പൊടിപിടിച്ചു, ക്ളാവു പിടിച്ചു നശിക്കുന്നു. ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെല്ലാം ആത്മഹത്യയുടെ പാതയിലാണ്. അതുകൊണ്ട് എല്ലാറ്റിനെയും സ്നേഹംകൊണ്ട് നമ്മളോട് ബന്ധിപ്പിക്കുന്നതാണ് സർഗാത്മകത. പ്രീതിയുടെ കവിതകൾ സ്നേഹത്തിന്റെ നിഷ്കളങ്കതയും സൗന്ദര്യത്തിന്റെ തീവ്രതയും ഉൾക്കൊള്ളുന്നു. അതിലെ സ്നേഹം വിവിധ ലോകങ്ങളെ കൂട്ടിയിണക്കുകയാണ്. കൃഷ്ണപ്രേമത്തിന്റെ നീലിമയാണ് ഇതിലുള്ളത്. കൃഷ്ണൻ നല്ലൊരു വഴികാട്ടിയാണ്. അദൃശ്യതയിലും അഗാധതയിലുമാണ് കൃഷ്ണനുള്ളത്. അർജുനനെ കുരുക്ഷേത്ര യുദ്ധത്തിൽ ജ്ഞാനത്താൽ ഉണർത്തുന്ന കൃഷ്ണൻ നമ്മുടെയുള്ളിലും ഉണ്ടാവണം. അപ്പോൾ നമ്മുടെ സ്നേഹത്തിന് കൂടുതൽ വിശുദ്ധിയുണ്ടാവും. നമ്മെ തിന്മയിൽ നിന്ന് മാറ്റി വിടുന്ന ആന്തരികശക്തി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്- ഹരികുമാർ പറഞ്ഞു.
ലോകത്തിലെ ഓരോ വസ്തുവും അനന്യമാണ്. ഓരോന്നിനും വ്യക്തിത്വമുണ്ട്. രണ്ടുപേർ എഴുതുന്നത് ഒരുപോലെയാകാത്തത് അതുകൊണ്ടാണ് .എന്നാൽ അതിനെയെല്ലാം ബന്ധിപ്പിക്കുന്നത് സ്നേഹത്തിന്റെ കണ്ണുകൾ കൊണ്ടാണ്. സ്നേഹത്തിന് വേണ്ടി ഓരോ ജീവകണവും പരതുകയാണ്. പ്രീതിയെ പോലെ ഇംഗ്ലീഷിൽ നല്ല കവിതകൾ എഴുതുന്നവർക്ക് നമ്മുടെ നാട്ടിൽ വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കാത്തത് അപചയമാണെന്ന് ഹരികുമാർ പറഞ്ഞു. ഇംഗ്ലീഷിനോട് നമ്മൾ ഇപ്പോഴും അകൽച്ചയുള്ളവരാണ്. ചെറിയ ക്ലാസുകൾ മുതൽ ഇംഗ്ലീഷ് പഠിക്കുന്നുണ്ടെങ്കിലും ഇംഗ്ലീഷിൽ എഴുതുന്നതിനെ പിന്തുണയ്ക്കുന്നില്ല. എന്തുകൊണ്ട് മലയാളികൾ എഴുതുന്ന ഇംഗ്ലീഷ് സാഹിത്യം വേണ്ടപോലെ അംഗീകരിക്കപ്പെടുന്നില്ല? ഇവർ ഇംഗ്ലീഷ് എഴുത്ത് നിർത്തി മലയാളത്തിൽ എഴുതാൻ വേണ്ടി കാത്തിരിക്കരുത് .ഇംഗ്ലീഷനോടുള്ള വിപ്രതിപത്തി മൂലമാണ് മലയാള കൃതികൾ ഇപ്പോഴും പരിഭാഷ ചെയ്യപ്പെടാതിരിക്കുന്നത് .നല്ല കൃതികൾക്ക് പരിഭാഷയുണ്ടാകുന്നില്ല. ആഫ്രിക്കയിലോ ,ലാറ്റിനമേരിക്കയിലോ ഇങ്ങനെയൊരു ദുരവസ്ഥയില്ല.
ഡോ. ടി. കെ .പ്രഭാകരൻ ആദ്യപ്രതി സ്വീകരിച്ചു. പ്രൊഫ.ഡോ.എൻ .സാജൻ, ചിന്മയ മിഷൻ ചീഫ് സേവക് കെ. കെ. രാജൻ, കണ്ണൂർ ചിന്മയാ മിഷൻ സെക്രട്ടറി മഹേഷ് ചന്ദ്ര ബാലിഗ ,പി.ജി.കമ്മത്ത് ഫൗണ്ടേഷൻ ട്രസ്റ്റി ആനന്ദി ജി.കമ്മത്ത്, ചിന്മയാ വിദ്യാലയ പ്രിൻസിപ്പൽ റോഷൻ പി. നായർ, ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി(യു.എസ്.എ )മാത്യു സൊക്കി, പ്രീത ടി.കെ എന്നിവർ പ്രസംഗിച്ചു.
PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004
© 2020 PeerBey. All rights reserved