Sureshkumar C
Beem Film Society
Thiruvananthapuram
Updated on : 18, September, 2023
Posted on : 18, September, 2023.    Post views : 8
Category : Film Vision, Literature
BOOKMARK THIS ARTICLE MOVE BACK

എം.ടി.യുടെ സിനിമാ ലോകം


സംവിധായകന്റെ ഇടം ചുരുക്കിക്കളയും വിധം കാഴ്ചയുടെ പൂർണ്ണത നിറഞ്ഞു നിൽക്കുന്നവയാണ് എം.ടി.യുടെ തിരക്കഥകൾ. ഫ്രെയിമുകളുടെ സൂക്ഷ്മാംശം പോലും അക്ഷരങ്ങളിൽ കൊത്തിവയ്ക്കാനുള്ള അദ്ദേഹത്തിന്റെ സിദ്ധി ഏറെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.സാഹിത്യകൃതികളിലൂടെ മലയാളി മനസ്സിന്റെ ആഴങ്ങളെ ഉഴുതുമറിച്ച എം.ടി.യുടെ ചലച്ചിത്ര ലോകവും സമാനതകളില്ലാത്ത കഥപറച്ചിൽ കാഴ്ചകൾ കൊണ്ട് മലയാളിയുടെ ഉള്ളു നിറയ്ക്കുന്നതാണ്.  ചുറ്റുമുള്ള ലോകത്തെ തന്നിലേക്കാവാഹിച്ച്, അതിനുള്ളിൽ നിന്ന് കൊണ്ട് സമൂഹത്തോട്, പതിഞ്ഞതെങ്കിലും കനത്ത സ്വരത്തിൽ സംവദിക്കുന്നതാണ് എം.ടി.യുടെ രചനകൾ - സാഹിത്യമായാലും സിനിമയായാലും.


വാക്കുകളിലൂടെ കാഴ്ചകൾ സമ്മാനിക്കാൻ കഴിഞ്ഞ അദ്ദേഹത്തിന് കാഴ്ചകളിലൂടെ കഥ പറയുക എന്നതും ആയാസരഹിതമായിരുന്നു. നോവലിൽ നിന്ന് തിരക്കഥയിലേക്കുള്ള പ്രവേശം എം.ടി.യെ സംബന്ധിച്ച് ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്.


1965-ൽ ശ്രീ. എ. വിൻസെന്റിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മുറപ്പെണ്ണിലൂടെയാണ് , സ്വന്തം കഥയെ തിരക്കഥയാക്കി മാറ്റുന്ന രചനാ പ്രക്രിയക്ക് തുടക്കമിട്ടു കൊണ്ട്  എം.ടി സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. അര നൂറ്റാണ്ടിലേറെ നീളുന്ന കാലയളവിനുള്ളിൽ 50 ലേറെ തിരക്കഥകളാണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്നു വീണത്. മുറപ്പെണ്ണിനു ശേഷം പുറത്തു വന്ന ഇരുട്ടിന്റെ ആത്മാവ് (1967),   ഓളവും തീരവും (1970), കുട്ട്യേടത്തി (1971) എന്നീ ആദ്യകാല സിനിമകളിലൂടെ തന്നെ തിരക്കഥാരചനയിലെ തന്റെ മേധാശക്തി അദ്ദേഹം തെളിയിച്ചു കഴിഞ്ഞിരുന്നു.  മികച്ച ചിത്രത്തിനോടൊപ്പം തിരക്കഥാരചനക്കുമുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഓളവും തീരവുമാണ് എം.ടി.യിലെ ചലച്ചിത്രകാരനെ കൂടുതൽ പ്രശസ്തിയിലേക്ക് ഉയർത്തിയത്. പൂർണ്ണമായും വാതിൽപ്പുറ ചിത്രീകരണത്തിലൂടെ നിർമ്മിച്ച ആദ്യ മലയാള സിനിമ. പ്രമേയ പരിചരണത്തിൽ പുലർത്തിയ ഋജുത്വവും കഥാഗതിയുടെ സ്വാഭാവിക വികാസവും സംഭാഷണങ്ങളിലെ ലാളിത്യവും  മലയാള സിനിമയുടെ പുതിയ ഭാവുകത്വത്തിന്റെ വരവറിയിച്ച ചിത്രമാണ്  ഓളവും തീരവും.


സംവിധായകന്റെ  ഇടം ചുരുക്കിക്കളയും വിധം കാഴ്ചയുടെ പൂർണ്ണത നിറഞ്ഞു നിൽക്കുന്നവയാണ് എം.ടി.യുടെ തിരക്കഥകൾ. ഫ്രെയിമുകളുടെ സൂക്ഷ്മാംശം പോലും അക്ഷരങ്ങളിൽ കൊത്തിവയ്ക്കാനുള്ള അദ്ദേഹത്തിന്റെ സിദ്ധി ഏറെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.


Oru Vadakkan Veeragatha
Parinayam
Perunthachan

സ്വന്തം കഥകൾക്കെന്ന പോലെ തന്നെ ഇതര സാഹിത്യകാരന്മാരുടെ രചനകൾക്കും അദ്ദേഹം തിരക്കഥാ രൂപം നൽകി മികച്ച സിനിമകൾക്ക് വഴിവച്ചിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ കടവ് (എസ്.കെ.പൊറ്റക്കാടിന്റെ കഥ ),  ഒരു ചെറുപുഞ്ചിരി (തെലുഗു കഥ ), മണ്ണിന്റെ മാറിൽ (ചെറുകാടിന്റെ നോവൽ) എന്നിവ അവയിൽ ചിലതാണ്.


പുരാണങ്ങളായാലും ഐതിഹ്യ കഥകളായാലും സ്വന്തം പ്രതി വ്യാഖ്യാനങ്ങളിലൂടെ അനുവാചകനെ ഒപ്പം കൂട്ടാനുള്ള എം.ടി.യുടെ കഴിവ്  മികച്ച നിരവധി സിനിമകൾക്ക് ജന്മം നൽകി. വൈശാലി, ഒരു വടക്കൻ വീരഗാഥ, പെരുന്തച്ഛൻ, പരിണയം തുടങ്ങിയവ ഉദാഹരണങ്ങൾ.  


‌ആറ് ചിത്രങ്ങളാണ് എം.ടി. സ്വയം സംവിധാനംചെയ്ത് പുറത്തിറക്കിയത്.  അതിൽ മുഖ്യം ആദ്യ സംവിധാന സംരംഭമായ നിർമ്മാല്യം തന്നെ. 'പള്ളിവാളും കൽച്ചിലമ്പും' എന്ന സ്വന്തം കഥയെ, ദൃശ്യഘടനക്ക് ആവശ്യമായ ഭേദഗതികളോടെ സിനിമയാക്കിയപ്പോൾ നമുക്ക് ലഭിച്ചത് എക്കാലവും ഓർമ്മയിൽ നിർത്തേണ്ട ഒരു ദൃശ്യശില്പമാണ്. തീവ്ര നിലപാടുകളും തീക്ഷ്ണ പ്രതികരണങ്ങളും കഥാശരീരത്തിൽ അലിയിച്ചു ചേർത്ത് സൃഷ്ടിച്ചത് കൊണ്ടാകാം 50 വർഷത്തിനു ശേഷവും നിർമ്മാല്യത്തിന്റെ കാഴ്ച അനുവാചകരിൽ വെള്ളിടിപോലെ ചെന്ന് തറയ്ക്കുന്നത്. പി.ജെ. ആൻറണി എന്ന നടനെ മലയാളത്തിന് വീണ്ടെടുത്തു നൽകി എന്നതു തന്നെ ആ സിനിമ നൽകിയ വലിയ സംഭാവനയാണ്. ഏറ്റവും നല്ല ചിത്രത്തിനും മികച്ച നടുനുമുള്ള  ദേശീയ - സംസ്ഥാന പുരസ്കാരങ്ങൾ (1973) നിർമ്മാല്യം കരസ്ഥമാക്കി.


എം.ടി.സംവിധാനം ചെയ്ത ബന്ധനം (1978), കടവ്(1991) എന്നീ ചിത്രങ്ങളും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന  അവാർഡിന് അർഹമായിട്ടുണ്ട്. വാരിക്കുഴി(1982), മഞ്ഞ്(1983), ഒരു ചെറു പുഞ്ചിരി (2000) എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റു സിനിമകൾ. 


അനീതിയും അരുതായ്മകളും നിറഞ്ഞാടുന്ന സമൂഹത്തിനെതിരെയുള്ള പ്രതിഷേധം അമർന്നു കത്തുന്ന തീയായി കൊണ്ടു നടക്കുന്ന മനസ്സുകളുടെ ഉടമകളാണ് എം.ടി.യുടെ മിക്ക കഥാപാത്രങ്ങളും. പൊട്ടിത്തെറിക്കാനാവാത്ത മനസ്സുകളുടെ സംഘർഷങ്ങളുടെ സൂക്ഷ്മതലങ്ങൾ വരെ ഒപ്പിയെടുത്ത് നമുക്ക് മുന്നിലിട്ടു തരുന്നു , എം.ടി. അക്ഷരങ്ങളിലൂടെയും ദൃശ്യങ്ങളിലൂടെയും. അപൂർവമായെങ്കിലും സംഭവിക്കുന്ന പൊട്ടിത്തെറികളാവട്ടെ തീക്ഷ്ണവും പൊള്ളിക്കുന്നവയുമാണ്. 


എം.ടി.യുടെ സിനിമകളുടെ പഠനമോ വിശകലനമോ ഈ ചെറു കുറിപ്പിന്റെ പരിധിയിൽ വരുന്നില്ല. എങ്കിലും ഓപ്പോൾ, വളർത്തുമൃഗങ്ങൾ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, പഞ്ചാഗ്നി തുടങ്ങിയ സിനിമകളെ പരാമർശിക്കാതെ പോകാനാകില്ല. 2013 ൽ ഹരിഹരൻ സംവിധാനം ചെയ്ത ' ഏഴാമത്തെ വരവ് ' ആണ് എം.ടി യുടെ രചനയിലൂടെ പുറത്ത് വന്ന അവസാന ചിത്രം. 


സാഹിത്യത്തിൽ ജ്ഞാനപീഠ പുരസ്കാരം നേടിയിട്ടുള്ള എം.ടി. ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനക്കുള്ള സംസ്ഥാന സർക്കാരിന്റെ ജെ.സി.ഡാനിയൽ അവാർഡിനും (2013) അർഹനായി.


അതെ, തന്റെ ചുറ്റിലും ഉള്ളിലുമുള്ള ലോകത്തെ മനുഷ്യനിലേക്ക് തിരിച്ചു വെച്ച ഒരു മൗലിക പ്രതിഭയുടെ കയ്യൊപ്പ് ചാർത്തപ്പെട്ടതാണ് എം.ടി.യുടെ സിനിമാ ലോകം.


PREVIOUS | READ MORE | NEXTComments & Contributions
Please share your knowledge, comment and feedback


At a glance


Quick linksOne of the biggest benefits of the Internet is the huge amount of information we all have available at our fingertips. Yet the biggest challenge for many of us is making sense of all that information.

OUR CHANNELS AND SERVICES


Our Location

PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004


© 2020 PeerBey. All rights reserved

page counter